ഗ്രാമവാസികള്‍ ഒറ്റദിനംകൊണ്ട് കോടിപതികള്‍

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശിലെ ബോംജ ഗ്രാമവാസികളെല്ലാം ഒറ്റദിനം കൊണ്ട് കോടീശ്വരരായിരിക്കുകയാണ്. ഇതോടെ ഏഷ്യയില്‍ ഏറ്റവും സമ്പന്നരുള്ള ഗ്രാമത്തിന്റെ പട്ടികയില്‍ ബോംജ ഇടംപിടിച്ചു.

പ്രതിരോധമന്ത്രാലയം ബോംജയില്‍ നിന്ന് ഭൂമി ഏറ്റെടുത്തിരുന്നു. തവാങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനായാണ് ഭൂമി സ്വീകരിച്ചത്. ഉടമകള്‍ക്ക്, മന്ത്രാലയം ഭൂമിക്കുള്ള പ്രതിഫലം അനുവദിച്ചതോടെയാണ് ഇവര്‍ കോടിപതികളായത്.

തിങ്കളാഴ്ച മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പണം വിതരണം ചെയ്തത്. 31 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരില്‍ നിന്ന് 200.06 ഏക്കര്‍ ഭൂമിയാണ് പ്രതിരോധമന്ത്രാലയം ഏറ്റെടുത്തത്.

2.44 കോടി മുതല്‍ 6.73 കോടി വരെ ഭൂമിക്ക് വില ലഭിച്ചവരുണ്ട്. ശരാശരിയെടുത്താല്‍ ഒരു കുടുംബത്തിന് ഒരു കോടി 10 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ട്. 40,80,38,400 കോടിയാണ് ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രം ചെലവഴിച്ചത്.

കരസേനയുടെ വിവിധ പദ്ധതികള്‍ക്കായി കൂടുതല്‍ സ്ഥലമേറ്റെടുക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here