ഭാര്യയെ വധിച്ചയാള്‍ക്ക് 18 കൊല്ലം തടവ്‌

ലീസെസ്റ്റര്‍: മുന്‍ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യുട്ട്‌കേസില്‍ അടച്ച് തള്ളിയ കേസില്‍ ഇന്ത്യക്കാരന് ബ്രിട്ടീഷ് കോടതി 18 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശിയായ അശ്വിന്‍ ദൗദിയ (51) ആണ് ശിക്ഷിക്കപ്പെട്ടത്.

ലീസെസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 16നാണ് ഫാക്ടറി ജീവനക്കാരാനായിരുന്ന ഇയാള്‍ മുന്‍ഭാര്യ കിരണ്‍ ദൗദിയ (46)യെ കൊലപ്പെടുത്തിയത്. കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്നു ഇവര്‍.

1988ല്‍ വിവാഹം കഴിച്ച ഇവര്‍ 2014ല്‍ വിവാഹമോചനം നേടിയിരുന്നു. എങ്കിലും ഒരേ വീട്ടില്‍ രണ്ട് ഭാഗങ്ങളിലായി താമസിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ പതിവായി ഇവര്‍ വഴക്കടിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

വീട്ടില്‍ നിന്ന് മാറിത്തരണമെന്ന് അശ്വിനോട് ആവശ്യപ്പെട്ട അന്നാണ് ഇയാള്‍ കിരണിന്റെ വായ് ബലമായി പൊത്തിപ്പിടിച്ച് കഴുത്തില്‍ ശക്തിയായി ഞെരുക്കിയത്. ഇതിനിടെ ശ്വാസംമുട്ടി കിരണ്‍ മരിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്.

എന്നാല്‍ കിരണിനെ കൊല്ലാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അശ്വിന്‍ പറയുന്നു. താന്‍ വലിയ ദേഷ്യത്തിലായിരുന്നു. സര്‍വ്വ നിയന്ത്രണവും വിട്ടുപോയി. അതിനിടെ അവരുടെ കഴുത്തുപിടിച്ച് അമര്‍ത്തുകയായിരുന്നുവെന്ന് അശ്വിന്‍ വെളിപ്പെടുത്തി.

എന്നാല്‍ ഈ വാദം കോടതി നിഷേധിച്ചു. കിരണ്‍ മരിച്ച കാര്യം അശ്വിന്‍ അറിഞ്ഞിരുന്നുവെന്നും ഇക്കാര്യം മക്കളോടും ബന്ധുക്കളോടും മറച്ചുവയ്ക്കുകയും രാവിലെ കോള്‍ സെന്ററില്‍ പോയ കിരണ്‍ മടങ്ങിവന്നില്ലെന്ന് കള്ളം പറയുകയും ചെയ്തു.

ഇളയ മകന്‍ മൃതദേഹം കാണാതിരിക്കാന്‍ സ്യൂട്ട്‌കേസില്‍ അടച്ചശേഷം ഇയാള്‍ പുറത്തേക്ക് പോയി. പിറ്റേന്ന് പോലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ മുന്‍ ഭാര്യ നിരന്തരം പറഞ്ഞിരുന്നുവെന്നും ഇത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here