പെണ്‍കുട്ടിക്ക് നേരെ സദാചാര പൊലീസിങ്

ഗുവഹാതി :അന്യമതസ്ഥനോടൊപ്പം പൊതുസ്ഥലത്ത് കാണപ്പെട്ടതിനെ തുടര്‍ന്ന് യുവതിക്ക് സദാചാര പൊലീസുകാരുടെ വക ക്രൂര മര്‍ദ്ദനം. അസ്സാമിലെ ഗ്വോല്‍പുര ജില്ലയിലാണ് 22 വയസ്സുകാരിയായ യുവതിയെ നാട്ടുകാര്‍ നടുറോഡിലിട്ട് ക്രുരമായി മര്‍ദ്ദിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ആസ്സാമിലെങ്ങും വന്‍ പ്രതിഷേധമാണ് യുവാക്കളുടെ ഈ കാടത്തം നിറഞ്ഞ പെരുമാറ്റത്തിനെതിരെ ഉയരുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് അക്രമത്തില്‍ ഉള്‍പ്പെട്ട 12 ഓളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്യമതസ്ഥനോടൊപ്പം നഗരത്തിലെ ഒരു ആശുപത്രിയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടതാണ് യുവാക്കളെ ചൊടിപ്പിച്ചത്.

അടുത്ത മാസം പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ട പെണ്‍കുട്ടിയേയും സുഹൃത്തിനേയും യുവാക്കള്‍ നടുറോഡില്‍ വെച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതു പിന്നീട് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ് പെണ്‍കുട്ടി റോഡരികില്‍ തളര്‍ന്ന് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

അന്യമതസ്ഥനായ സുഹൃത്തിനും മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു മിനിട്ടും 16 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സമയവും യുവാക്കള്‍ പെണ്‍കുട്ടിയെയാണ് മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിയും മര്‍ദ്ദിച്ച യുവാക്കളും ഗാരോ സമുദായ അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here