ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്: അനധികൃതമായി നിര്‍മിച്ച ഹോട്ടല്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍ ബാലയെന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്.

നാരായണി ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന്റെ ഉടമ വിജയ് കുമാറാണ് ഷൈല്‍ബാലയ്ക്ക് നേരെ വെടിവച്ചത്. ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തുകയും അവ പൊളിച്ച് നീക്കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഈ നിര്‍ദേശം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഒരു സംഘത്തിന്റെ മേധാവിയായിരുന്നു ഷൈല്‍ബാല. കെട്ടിടം പൊളിച്ചു നീക്കുന്നതിന് ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട വിജയ് കുമാര്‍ ആദ്യം ആകാശത്തേക്ക് വെടിവച്ചു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരും വിജയ് കുമാറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് വിജയ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ ഷൈല്‍ബാല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇതോടെ വിജയ് കുമാര്‍ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here