വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ : കോളജിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ മീനാക്ഷി കോളജ് വിദ്യാര്‍ത്ഥിനി അശ്വിനിയാണ് കൊല്ലപ്പെട്ടത്. 26 കാരനായ അളഗേശന്‍ എന്ന യുവാവാണ് അശ്വിനിയെ ആക്രമിച്ചത്. ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം.

പെണ്‍കുട്ടി കോളജില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. കോളജിന് 100 മീറ്റര്‍ അകലെ ലോകനാഥന്‍ സ്ട്രീറ്റ് റോഡിലൂടെ ബസ്‌റ്റോപ്പിലേക്ക് നടക്കുകയായിരുന്നു അശ്വിനി.

കയ്യില്‍ കത്തിയും ഒരു കുപ്പി മണ്ണെണ്ണയുമായി എത്തിയ അളഗേശന്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ അശ്വിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അശ്വിനിയെ കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് അശ്വിനി.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഇയാള്‍ ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് അശ്വിനിയുടെ കുടുംബം കഴിഞ്ഞമാസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അശ്വിനിക്ക് അമ്മയേയുള്ളൂ. ഇവര്‍ മദുരവോയലിലാണ് താമസം.

ഇവിടത്തുകാരനാണ് അളഗേശനും. എന്നാല്‍ കോളജില്‍ പോകാന്‍ ആരംഭിച്ചതോടെ പെണ്‍കുട്ടി ജാഫര്‍ഖാന്‍പേട്ടിലുള്ള അമ്മാവന്റെ വീട്ടിലാണ് കഴിയുന്നത്. അളഗേശന്‍ മിനറല്‍ വാട്ടര്‍ വ്യാപാരിയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here