സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ മരിച്ചു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട പത്തൊന്‍പത് വയസ്സുകാരനായ നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്. മര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്.

ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും പേടിച്ചോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

തോക്കുമായി എത്തിയ നിക്കോളസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്‌കൂളിനുള്ളിലേക്ക് കടന്ന നിക്കോളസ് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു.

നിക്കോളസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു.

കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റാര്‍ക്കുമോ അമേരിക്കന്‍ സ്‌കൂളുകളില്‍ അരക്ഷിതാവസ്ഥ തോന്നാന്‍ പാടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here