വിചിത്ര അസ്ഥികൂടത്തിന്റെ സത്യം കണ്ടെത്തി

കാലിഫോര്‍ണിയ : അന്യഗ്രഹ ജീവിയുടെ അസ്ഥികൂടം എന്ന പേരില്‍ വര്‍ഷങ്ങളായി ശാസ്ത്ര ലോകത്തെ കുഴക്കിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്തജ്ഞന്‍മാര്‍. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകാലശാലയിലേയും സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലേയും ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനമാണ് ഇത് ഒരു കൊച്ചു കുട്ടിയുടെ അസ്ഥികൂടമാണെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത്.

2003 ലാണ് ചിലിയിലെ അറ്റാക്കാമയില്‍ വെച്ച് ഒരു സ്പാനിഷ് പുരാവസ്തു ഗവേഷകനാണ് ഈ അസ്ഥികൂടം കണ്ടെത്തുന്നത്. അസ്ഥികൂടത്തിന്റെ തല ഭാഗം സാധാരണ മനുഷ്യരുടെ ശരീര അനുപാത വലുപ്പത്തേക്കാള്‍ വലുതാണ്. മാത്രമല്ല 20 വാരിയെല്ലുകള്‍ മാത്രമേ ഇതിന്റെ ശരീരത്തിലുള്ളു. സാധാരണ മനുഷ്യന്റെ ശരീരത്തില്‍ 24 വാരിയെല്ലുകളാണ് ഉള്ളത്.

കഷ്ടിച്ച് ആറ് ഇഞ്ച് മാത്രമായിരുന്നു ഇതിന്റെ നീളവും. ഈ ന്യൂനതകളൊക്കെ കൊണ്ട് തന്നെ ഈ അസ്ഥികൂടം ഒരു മനുഷ്യന്റെതല്ലെന്ന നിഗമനത്തിലായിരുന്നു ഇതു വരെ ശാസ്ത്ര ലോകം. ഇത് ഒരു അന്യഗ്രഹ ജീവിയുടെ അസ്ഥികൂടമാണെന്നുള്ള വാദങ്ങളും ഉയര്‍ന്നു വന്നു. ഈ വാദം പതുക്കെ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെ നിരവധി ഡോക്യുമെന്ററികളും കഥകളും ഇതിനെ ചുറ്റിപ്പറ്റി പിറവിയെടുത്തു.

എന്നാല്‍ ഏറ്റവും ഒടുവില്‍ കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞന്‍മാരാണ് അസ്ഥികൂടം ഒരു മനുഷ്യ കുട്ടിയുടെതാണെന്ന വാദവുമായി രംഗത്തെത്തിയത്. ജീനുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ ഈ അവകാശ വാദം. ജനിച്ച് വീണയുടനേയോ അല്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളിലോ മരിച്ചു പോയ കുഞ്ഞിന്റെ മൃതദേഹമാണിതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

അസ്ഥികൂടത്തിന് 40 വര്‍ഷത്തെ പഴക്കമുള്ളതായും ഡാര്‍ഫനിസം എന്ന അവസ്ഥ കാരണമാണ് കുട്ടിയുടെ തല ഭാഗം വലുതായിരിക്കുന്നതെന്നും ശാസ്ത്രജ്ഞര് പറയുന്നു. കൂടാതെ ശാരീരിക വളര്‍ച്ച തടയുന്ന ഒരു രോഗവും കുട്ടിയെ അലട്ടിയിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here