എടിഎമ്മുകള്‍ കാലി ;താല്‍ക്കാലികമെന്ന് സര്‍ക്കാര്‍

ഡല്‍ഹി :രാജ്യത്തെ പല ഭാഗത്തും എടിഎമ്മുകള്‍ കാലിയായതായി റിപ്പോര്‍ട്ട്. പണം ലഭിക്കാതെ പല സംസ്ഥാനങ്ങളിലേയും എടിഎമ്മുകള്‍ക്കും മുന്നില്‍ ജനം വലയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹി, കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍
ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലാണ് പ്രശ്‌നം രൂക്ഷം.

പലയിടത്തും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. 2016 നവംബര്‍ 8 ാം തീയ്യതി പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിന് ശേഷമാണ് രാജ്യത്തെ എടിഎമ്മുകളില്‍ ഇതിന് മുന്‍പ് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍ബിഐ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്തിന് അവശ്യമുള്ള പണം വിനിമയത്തിലുണ്ടെന്നും ചില ഭാഗങ്ങളില്‍ പെട്ടെന്ന് കൂടുതല്‍ ആവശ്യം വേണ്ടി വന്നത് കൊണ്ടാണ് ഈ ലഭ്യത കുറവ് അനുഭവപ്പെടുന്നതെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പ്രശ്‌നം താല്‍ക്കാലികമാണെന്നും എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇത് ആസൂത്രണത്തില്‍ പറ്റിയ ഒരു പാളിച്ചയാണോ അതോ മനപ്പൂര്‍വം ഉണ്ടാക്കുന്ന സ്ഥിതി വിശേഷങ്ങളാണോയെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. വിവിധ ബാങ്കുകളിലെ എടിഎമ്മുകളില്‍ വിതരണം ചെയ്യേണ്ട പണത്തിന്റെ കണക്കുകളില്‍ ആര്‍ബിഐക്ക് ചില പിഴവുകള്‍ വന്ന് ചേര്‍ന്നതാണ് പ്രശ്‌നത്തിന് പിന്നിലെ കാരണമെന്ന് ചിലര്‍ വാദിക്കുന്നു.

പണം കൂടുതലുള്ള ബാങ്കുകള്‍ കയ്യില്‍ അവ കരുതി വെക്കാതെ മറ്റു ബാങ്കുകള്‍ക്ക് നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here