10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 50കാരന്‍ അറസ്റ്റില്‍

കൊച്ചി: സ്‌കൂള്‍ യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്ത് വയസുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. എളമക്കര പള്ളിപ്പറമ്പില്‍ പ്രദീപ് (50) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി യൂണിഫോം തയ്ക്കാനായി കഴിഞ്ഞദിവസം കുട്ടിയുടെ രക്ഷിതാക്കള്‍ പ്രദീപിന്റെ സ്ഥാപനത്തിലെത്തിയിരുന്നു. ഇതിനായി രക്ഷിതാക്കളുടെ മുന്‍പില്‍ വെച്ച് കുട്ടിയുടെ അളവ് പ്രദീപ് എടുത്തിരുന്നു. എന്നാല്‍ ഇന്നലെ കുട്ടിയെ വീണ്ടും കണ്ടപ്പോള്‍ യൂണിഫോമിന്റെ അളവ് നഷ്ടപ്പെട്ടുപോയെന്ന് പറഞ്ഞ് പ്രദീപ് സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി.

അളവെടുക്കാനെന്ന വ്യാജേന ഇയാള്‍ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ കടന്നുപിടിച്ചു. ഇതോടെ കുട്ടി കുതറിയോടി. വീട്ടിലെത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിവരിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here