പൊലീസിനെ കുഴപ്പിച്ച് യുവതിയുടെ ശബ്ദരേഖ

തിരുവനന്തപുരം :മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി യുവതി. രാജേഷ് കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സത്താറിന്റെ മുന്‍ ഭാര്യയായ യുവതിയാണ് ഒടുവില്‍ തന്റെ ഭാഗം വിശദീകരിച്ചു രംഗത്ത് വന്നത്.

ഖത്തറിലെ ഒരു സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ ഈ തുറന്ന് പറച്ചില്‍. രാജേഷുമായി ബന്ധമുണ്ടായിരുന്നതായും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. എന്നാല്‍ തന്റെ മുന്‍ ഭര്‍ത്താവായ സത്താറാണ് രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഖത്തിറില്‍ നൃത്താധ്യാപികയായി ജോലി നോക്കി വരുന്ന യുവതി പലപ്പോഴും രാജേഷിന് പണം നല്‍കി സഹായിച്ചിരുന്നു, എന്നാല്‍ വഴി വിട്ട ബന്ധങ്ങള്‍ തങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടില്ലെന്നും രാജേഷിന്റെ വീട്ടുകാര്‍ക്കും ഈ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നതായും യുവതി പറഞ്ഞു. അച്ഛനും അമ്മയും ഭര്‍ത്താവും കയ്യൊഴിഞ്ഞ തനിക്ക് രാജേഷ് ഒരു പ്രതീക്ഷ തന്നെയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

അതേസമയം തന്റെ മുന്‍ ഭര്‍ത്താവിന് കേസുമായി ബന്ധമുണ്ടാവാന്‍ സാധ്യതയില്ലെന്ന യുവതിയുടെ മൊഴി പൊലീസിന് തിരിച്ചടിയായി. ഫോണ്‍ മാര്‍ഗ്ഗം യുവതിയുടെ മൊഴി എടുത്തപ്പോള്‍ കൊലപാതകത്തിന് പിന്നിലെ സുത്രധാരന്‍ സത്താറാകാമെന്ന പൊലീസിന്റെ സാധ്യതയെ യുവതിയും ശരിവെച്ചിരുന്നു. എന്നാല്‍ ഈ വാദം യുവതി ഇപ്പോള്‍ പൂര്‍ണ്ണമായും നിഷേധിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ഇതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി ഉണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഖത്തറിലെ മറ്റൊരു വ്യവസായിക്കും രാജേഷിനോട് ശത്രുത ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വഴിയിലും അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ച് 27 ാം തീയ്യതിയാണ് രാത്രി 2 മണിയോടെ അക്രമി സംഘം മടവൂര്‍ സ്വദേശി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഉടന്‍ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഖത്തറില്‍ രാജേഷ് റേഡിയോ ജോക്കിയായി ജോലി ചെയ്തു വന്നിരുന്ന കാലത്ത് ഇദ്ദേഹവുമായി അടുപ്പം പുലര്‍ത്തിയിരുന്ന കൊല്ലം സ്വദേശിനിയായ പ്രവാസി യുവതിയുടെ ഭര്‍ത്താവാണ് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രവാസി വ്യവസായി ഓച്ചിറ തെക്ക് കൊച്ചുമുറി അബ്ദുള്‍ സത്താര്‍ ഖത്തറില്‍വെച്ച് ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇതിനിടെ റേഡിയോ ജോക്കിയായി ഖത്തറിലെത്തിയ രാജേഷ് യുവതിയുമായി അടുപ്പത്തിലായി.

സത്താറുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ യുവതി നീക്കമാരംഭിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here