മിച്ചല്‍ ജോണ്‍സണിന് തലയില്‍ ഗുരുതര പരിക്ക്‌

സിഡ്‌നി : പന്തേറുകൊണ്ട് എതിരാളികളെ പവലിയനിലേക്ക് മടക്കി ആരാധകരെ ത്രസിപ്പിച്ച താരമാണ് ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍. ഓസിസിന്റെ മുന്‍ ഇടം കയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് കഴിഞ്ഞദിവസം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഉച്ചിയില്‍ ആഴത്തിലുള്ള മുറിവേറ്റതിന്റെ ചിത്രങ്ങളാണ് 36 കാരനായ ജോണ്‍സണ്‍ പുറത്തുവിട്ടിരിക്കുന്നത്. 16 തുന്നലുകളുണ്ട്.

ജിമ്മില്‍ വെച്ചുണ്ടായ അപകടമാണ് തലയില്‍ മുറിവുണ്ടാക്കിയത്. പരിശീലനത്തിനിടയിലെ നീക്കം പാളുകയായിരുന്നു. ഇരുമ്പുബാറില്‍ തലയിടിച്ച് മൂര്‍ധാവ് വെട്ടിപ്പിളര്‍ന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ താരം സുഖം പ്രാപിച്ച് വരികയാണ്.

രക്തമോ മുറിവോ കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഈ ചിത്രങ്ങളിലൂടെ കടന്നുപോകരുതെന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. 2015 ല്‍ മിച്ചല്‍ ജോണ്‍സണ്‍ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു കൈ പയറ്റുകയും ചെയ്തു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടിയ താരമാണ് മിച്ചല്‍ ജോണ്‍സണ്‍. 173 ടെസ്റ്റുകളില്‍ നിന്നായി 313 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

12 തവണ 5 വിക്കറ്റും മൂന്ന് തവണ 10 വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. 153 ഏകദിനങ്ങളില്‍ നിന്നായി 239 വിക്കറ്റുകളും നേടി.

കൂടുതല്‍ ചിത്രങ്ങള്‍…

LEAVE A REPLY

Please enter your comment!
Please enter your name here