സ്വന്തം പേര് മാറ്റാന്‍ യുവാവ് ഹൈക്കോടതിയിലേക്ക്

അഹമ്മദാബാദ്: തന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. രാജ്‌ക്കോട്ടിലെ ഗസറ്റ് ഓഫീസാണ്
രജ്‌വീര്‍ ഉപാധ്യായ(33) എന്ന ഓട്ടോ റിക്ഷാ ഡ്രൈവറുടെ അപേക്ഷ തള്ളിയത്.

അഹമ്മദാബാദ് സ്വദേശിയായ രജ്‌വീര്‍, ആര്‍വി155677820 എന്ന പുതിയ പേരിനായാണ് അപേക്ഷ നല്‍കിയത്. തനിക്കൊരു മതത്തിലും വിശ്വാസമില്ലെന്നും താനൊരു യുക്തിവാദിയായതിനാലുമാണ് ഇങ്ങനെയൊരു പേരിലേക്ക് മാറുന്നതെന്നാണ് ഇയാളുടെ വാദം.

എന്നാല്‍ കാരണങ്ങളൊന്നുമില്ലാതെ ഗസറ്റ് രജ്‌വീറിന്റെ അപേക്ഷ തള്ളുകയായിരുന്നു. അതേസമയം തന്റെ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രജ്‌വീര്‍. ആര്‍വി എന്നത് രജ്‌വീര്‍ എന്നതിനെയും 155677820 ഇയാളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ നമ്പറിനെയും സൂചിപ്പിക്കുന്നു.

പുതിയ പേരിനുള്ള അപേക്ഷയുമായി ഇയാള്‍ അഹമ്മദാബാദ് കളക്ടറിലേക്കും എത്തിയിരുന്നു. എന്നാല്‍ അവിടുന്നും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാനായി രജ്‌വീര്‍ ഒരുങ്ങുന്നത്.

ഇപ്പോള്‍ ഉള്ള പേര് എവിടെ എഴുതിയാലും എന്റെ മതവും ജാതിയും അറിയും. ജാതിയുടെയും മതത്തിന്റേയും ചുരുക്കപ്പേരുകളിലേക്ക് എന്റെ ഐഡന്റിറ്റി ചുരുക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇയാള്‍ പറയുന്നു. ഒരു വക്കീലിന്റെ സഹായത്തോടെ താന്‍ ഹൈക്കോടതിയിലേക്ക് തന്റെ ആവശ്യമെത്തിക്കുമെന്നും ഇയാള്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here