ലിനിയുടെ കുരുന്നുകള്‍ക്ക് കൈത്താങ്ങ്‌

അബുദാബി : നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ പഠന ചെലവ് പാലക്കാട്ടെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുക്കും. അബുദാബിയില്‍ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

അഞ്ചുവയസ്സുകാരന്‍ ഋതുല്‍ രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ത്ഥ് എന്നിവരുടെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നതായി ഇവര്‍ വ്യക്തമാക്കി. പ്രൊഫഷണല്‍ വിദ്യാഭ്യാസമോ ബിരുദാനന്തര ബിരുദമോ വരെയുള്ള വിദ്യാഭ്യാസ ചെലവ് അവൈറ്റിസ് വഹിക്കുമെന്ന് ഇവര്‍ അറിയിച്ചു.

ഇതുസംബന്ധിച്ചുള്ള രേഖകള്‍ ഉടന്‍ ലിനിയുടെ കുടുംബത്തിന് കൈമാറും. ആതുരശുശ്രൂഷയ്ക്ക് വേണ്ടി ലിനി ജീവന്‍ പണയപ്പെടുത്തുകയായിരുന്നു. ലിനിയെ മലയാളികള്‍ അഭിമാനത്തോടെ എന്നും ഓര്‍ക്കും.

അമ്മയുടെ വിയോഗം പോലും തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത ആ കുട്ടികള്‍ ഒരു കുറവും കൂടാതെ വളരണം എന്നതിനാലാണ് ഈ തീരുമാനം. പാലക്കാട് ജില്ലയില്‍ നിപ്പാവൈറസ് ബാധ ചെറുക്കാന്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും ജ്യോതി പാലാട്ടും ശാന്തി പ്രമോദും അറിയിച്ചു.

നിപാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗബാധിതയായാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി മരണപ്പെട്ടത്. ലിനിയുടെ ഭര്‍ത്താവ് സജീഷ് ബഹ്‌റൈനില്‍ അക്കൗണ്ടായി ജോലി ചെയ്ത് വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here