വിമാനത്തിനുള്ളില്‍ വെച്ച് യുവതിക്ക് സുഖ പ്രസവം

ജിദ്ദാ :സൗദിയില്‍ നിന്നും പുറപ്പെട്ട വിമാനത്തിനുള്ളില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. ജിദ്ദയിലെ കിംഗ് അബ്ദുളാസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഈജിപ്തിലെ കെയ്‌റോയിലേക്ക് യാത്ര തിരിച്ച സൗദിയ എയര്‍ലൈനിന്റെ വിമാനത്തിനുള്ളില്‍ വെച്ചായിരുന്നു സംഭവം.

വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയത്. യുവതി ഉടന്‍ തന്നെ ഈ കാര്യം അടുത്തിരിക്കുന്ന യാത്രക്കാരോട് പറഞ്ഞു. വേദന അസഹ്യമായി യുവതി നിലവിളിക്കാന്‍ തുടങ്ങിയതോടെ വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരന്‍ തന്നെ പ്രസവ ശ്രുശ്രൂഷകള്‍ക്കായി മുന്നോട്ട് വന്നു. പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് റണ്‍വേയില്‍ പ്രഥമ ശ്രുശ്രൂഷകള്‍ക്ക് വേണ്ട മരുന്നുകളും അംബുലന്‍സും എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

റണ്‍വേയില്‍ പറന്നിറങ്ങുന്നതിന് 10 മിനുട്ട് മുന്നേ യുവതി വിമാനത്തിനുള്ളില്‍ വെച്ച് പ്രസവിച്ചു. അമ്മയേയും കുഞ്ഞിനേയും ഉടന്‍ തന്നെ അംബുലന്‍സില്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.  2016 ലും സൗദിയ എയര്‍ലൈനില്‍ വെച്ച് സമാന സംഭവം അരങ്ങേറിയിരുന്നു.

സൗദിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ചായിരുന്നു ഒരു യുവതിയുടെ പ്രസവം നടന്നത്. അന്ന് കുഞ്ഞിന് ആജീവനാന്തം സൗദിയ എയര്‍ലൈന്‍സില്‍ യാത്ര സൗജന്യമാക്കുന്ന ഗോള്‍ഡ് മെമ്പര്‍ഷിപ്പ് നല്‍കിയാണ് കമ്പനി ആ സന്തോഷ നിമിഷത്തെ സ്വാഗതം ചെയ്തത്. ഈ കുഞ്ഞിനും എയര്‍ലൈന്‍സ് അധികൃതര്‍ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് നല്‍കുമോ എന്ന കാര്യം കാത്തിരുന്നു തന്നെ കാണേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here