‘ബഹറിന്‍ സാമ്പത്തിക രംഗത്ത് കുതിച്ചുയരും’

മനാമ : വന്‍തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത് ബഹറിന്റെ സാമ്പത്തിക രംഗത്തിന്റ മികവുറ്റ വളര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ. പടിഞ്ഞാറന്‍ മേഖലയായ ഖലീജ് അല്‍ ബഹറിന്‍ ബേസിനിലാണ് വന്‍തോതില്‍ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയിരിക്കുന്നത്.

80 ബില്ല്യണ്‍ ബാരല്‍ എണ്ണശേഖരമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനകം ഉല്‍പ്പാദനം തുടങ്ങാനാകുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം രണ്ട് എണ്ണഖനികള്‍ കുഴിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇത്ര വലിയൊരു എണ്ണ-വാതക ശേഖരം 85 വര്‍ഷത്തിനിപ്പുറമാണ് കണ്ടെത്തുന്നത്.

ഇതിന് മുന്‍പ് 1932 ലാണ് സമാനമായ രീതിയില്‍ എണ്ണസാന്നിധ്യമുള്ള മേഖല കണ്ടെത്തിയത്. നാച്ചുറല്‍ റിസോഴ്സസ് ആന്റ് എക്കണോമിക് സെക്യൂരിറ്റി കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് രാജ്യത്തെ പൗരന്‍മാരുടെ ഐശ്വര്യപൂര്‍ണ്ണമായ ജീവിതത്തിന് ഇടയാക്കുമെന്ന് ഹമദ് രാജാവ് പറഞ്ഞു.

രാജ്യത്തിന് വികസനരംഗത്ത് ഏറെ മുന്നേറാന്‍ ഇത് തുണയാകും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കുന്നതില്‍ ഈ കണ്ടുപിടുത്തം നിര്‍ണ്ണായകമാകും. 1932 ല്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി  ബഹറിനില്‍ പെട്രോളിയം കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണിത്.

രാജ്യത്തിന്റെ വികസന ചരിത്രത്തിലെ നിര്‍ണ്ണായക ഏടാണിതെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന കണ്ടെത്തലിന്റെ ആഹ്ലാദം പങ്കുവെയ്ക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഹമദ് രാജാവ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here