മുസ്ലീം സ്ത്രീയ്ക്കും മകനും നേരെ ക്രൂര ആക്രമണം

അഹമ്മദാബാദ്: വീടിന് പുറത്തുകടന്നതിന് മുസ്ലീം സ്ത്രീയേയും മകനേയും ആക്രമിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. കന്നുകാലികളെ മേയ്ക്കാനായി പുറത്തിറങ്ങിയ റോഷന്‍ബി സയ്ദിനും (52) മകന്‍ ഫര്‍സാനും (32) നേരെയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

റോഷന്‍ബിയുടെ കൈവിരലുകള്‍ മുറിച്ചുമാറ്റുകയും മകന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഫര്‍സാന്റെ തലയോട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ ചഹ്ത്രാലിലെ ടൗണിലാണ് സംഭവം. ഇരുവരും ആശുപത്രിയിലാണ്. തിങ്കളാഴ്ചയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പാല്‍ വില്‍ക്കാനായി പോയ ബര്‍വാഡ് കമ്മ്യൂണിറ്റിയിലെ ഒരാളാണ് ഇവരെ രക്ഷിച്ചതെന്ന് റോഷന്‍ബിയുടെ മരുമകന്‍ അസ്ലം സയ്ദ് പറഞ്ഞു.

ചഹ്ത്രാലിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കസ്ബാവാസില്‍ ഡിസംബര്‍ ആറിന് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ഞായറാഴ്ച ഇവിടെ ആക്രമണവും നടന്നിരുന്നു. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ല.

എന്തായാലും മുസ്ലീം സ്ത്രീയേയും മകനേയും ആക്രമിച്ച സംഭവത്തില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഒരു യോഗം വിളിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വീരേന്ദ്രസിങ് യാദവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here