സിഡ്നി :പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്ണ്ണറിനും ഒരു വര്‍ഷത്തെ വിലക്ക്. ആസ്ട്രേലിയന്‍ ക്രിക്കറ്റ് സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കളിക്കളത്തില്‍ വെച്ച പന്ത് ചുരണ്ടുന്നതിനിടെ ക്യാമറ കണ്ണുകളില്‍ പെട്ട ഫീല്‍ഡര്‍ കാമറൂണ്‍ ബെന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കും സമിതി വിധിച്ചു. ഇത് കൂടാതെ ഇദ്ദേഹത്തിന് മൂന്ന് ഡീമെരിറ്റ് പോയിന്റുകളും മത്സരയിനത്തിലെ തുകയില്‍ നിന്ന് 75 ശതമാനം പിഴയും വിധിച്ചു.
ന്യൂലാന്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസമാണ് ഫീല്‍ഡില്‍ വെച്ച് ഒരു പ്ലാസ്റ്റിക് തകിട് കൊണ്ട് പന്ത് ചുരണ്ടുന്നതിനിടെ ആസ്ട്രേലിയന്‍ കളിക്കാരനായ കാമറൂണ്‍ ബെന്‍ക്രാഫ്റ്റ് ക്യാമറ കണ്ണുകളില്‍ പെടുന്നത്. ബോള്‍ ചെയ്യുമ്പോള്‍ റിവേര്‍സ് സിങ് ലഭിക്കാനായാണ് ഇത്തരത്തില്‍ പന്തിന്റെ അരിക് വശത്ത് കൃതിമം കാണിക്കുന്നത്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് നിയമ പ്രകാരം കുറ്റകരവുമാണ്.
സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന് നായകന് സ്മിത്തിനെ ഐസിസി ഒരു കളിയില്‍ നിന്നും വിലക്കിയിരുന്നു. എന്നാല്‍ രാജ്യത്തിനാകെ തീരാ കളങ്കം സൃഷ്ടിച്ച് കളിക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ആസ്ട്രേലിയന്‍ ക്രിക്കറ്റ് സമിതിയുടെ ഈ നീക്കം.
സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനോടും ക്രിക്കറ്റ് പ്രേമികളോടും മാപ്പ് പറയാനും ആസ്ട്രേലിയന്‍ ക്രിക്കറ്റ് സമിതി തയ്യാറായി. എന്നാല്‍ കോച്ച് ഡാരന്‍ ലെമാനെ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതായും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഓ ജെയിംസ് സതര്‍ലാന്‍ഡ് അറിയിച്ചു.
കോച്ചിന്റെ അറിവില്ലാതെയാണ് കളിക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സ്മിത്തിനേയും വാര്ണ്ണറേയും തരം താഴ്ത്തിയിരുന്നു.