പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ പരക്കെ ആക്രമം

കൊല്‍ക്കത്ത :പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അങ്ങിങ്ങായി പരക്കെ ആക്രമണം. ഇന്നു രാവിലെയാണ് ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വ്യാപക ആക്രമണങ്ങള്‍ക്കാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സാക്ഷ്യം വഹിക്കുന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബിജെപി-സിപിഎം സംഘര്‍ഷവും അങ്ങിങ്ങായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഞായറാഴ്ച രാത്രി ദക്ഷിണ പര്‍ഗാനയിലെ നമ്ക്കാനയില്‍ ഒരു സിപിഎം പ്രവര്‍ത്തകനും ഭാര്യയും വീടിനുള്ളില്‍ വെന്തു മരിച്ചിരുന്നു. ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരുടെ വീടിന് തീയിടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതല്‍ അക്രമസംഭവങ്ങളും തുടര്‍ന്നു.

പല സ്ഥലത്തും വോട്ട് ചെയ്യാനെത്തുന്ന ജനങ്ങളെ ബൂത്തുകളുടെ മുന്നില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടക്കി അയക്കുന്ന ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. വടക്കന്‍ ബംഗാളിലെ അലിപുര്‍ധാറില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വടിയും മറ്റഅ ആയുധങ്ങളും കയ്യിലേന്തിയാണ് ഇവര്‍ ബൂത്തിന് മുന്നില്‍ കാത്ത് നില്‍ക്കുന്നത്.

 

കുച്ച് ബഹറയിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകനെ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു മന്ത്രി അടങ്ങുന്ന സംഘം അടിച്ച് പുറത്താക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവിടെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ തെക്കന്‍ ബംഗാളിലെ പര്‍ഗാനയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആരിഫ് ഗാസി എന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

പലയിടത്തും അക്രമകാരികള്‍ പോളിങ് ബൂത്തില്‍ കയറി ബാലറ്റ് ബോക്‌സുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നേരത്തെ പഞ്ചായത്ത് തിരിഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ തന്നെ 20,000 സീറ്റുകളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്രയും പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായിരുന്നു. എതിരാളികള്‍ക്ക് പല സ്ഥലങ്ങളിലും പത്രിക നല്‍കുവാന്‍ പോലും ത്രിണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും, കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടക്കുന്ന അക്രമണ പരമ്പരകള്‍ മമതയ്ക്ക് കടുത്ത ക്ഷീണമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here