ഭവന പദ്ധതിയുമായി ബനിയാസ് സ്‌പൈക് ഗ്രൂപ്പ്‌

അബുദാബി: സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബനിയാസ് സ്പൈക് ഗ്രൂപ്പ് ,സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ 20 ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കും.
എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേര്‍ന്ന് ദാറുല്‍ ബനിയാസ് എന്ന പേരിലാണ് ഭവന പദ്ധതി സാക്ഷാത്കരിക്കുന്നത്.

ബനിയാസ് സ്പൈക് ഗ്രൂപ്പ് എം ഡിയും ചെയര്‍മാനുമായ സി പി അബ്ദുര്‍റഹ്മാന്‍ അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. അറുപത് വയസിന് മുകളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് മീഡിയ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പിന്റെ സില്‍വര്‍ ജൂബിലി ആഘോഷം നാളെ (വെള്ളി) വിവിധ പരിപാടികളോടെ കണ്‍ട്രി ക്ലബ്ബില്‍ നടക്കും. ആഘോഷ ചടങ്ങില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് രണ്ട് ലക്ഷവും 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1.5 ലക്ഷവും നല്‍കി ആദരിക്കും.

ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തും റെസ്റ്റോറന്റ് മേഖലയിലും റിയല്‍ എസ്റ്റേറ്റിലും ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ സി പി എ ഫാഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, സി പി എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നീ സംരംഭങ്ങള്‍ വിജയകരമായി മുന്നേറുന്നുണ്ട്.

അഡ്നോകില്‍ കാറ്ററിംഗ് പ്രൊവൈഡര്‍ ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതിനോടകം കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വരും കാലയളവില്‍ അഡ്നോക് കേന്ദ്രീകരിച്ചുള്ള എല്ലാ ഓയില്‍ ക്യാമ്പുകളിലും ഒരു കേന്ദ്ര കാറ്ററിംഗ് കമ്പനിയായി മാറുന്നതിനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.

വാര്‍ത്താസമ്മേളനത്തില്‍ സി ഇ ഒ ശാക്കിര്‍ പി അലിയാര്‍, ജനറല്‍ മാനേജര്‍ മിയാസര്‍ മുഹമ്മദ് അല്‍ തമീമി, റീ ടെയില്‍ ജി എം അബൂബക്കര്‍ ഷമീം, ഓപ്പറേഷന്‍ ജി എം അബ്ദുല്‍ ജബ്ബാര്‍ എന്നിവരും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here