യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

പനാജി : ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും 3 പുരുഷ സുഹൃത്തുക്കളും അറസ്റ്റില്‍. ഗോവയിലെ പനാജിയിലാണ് നടുക്കുന്ന സംഭവം. 38 കാരനായ ബസോരാജ് ബസുവാണ് കൊല്ലപ്പെട്ടത്. 31 കാരിയായ കല്‍പ്പന ബസുവാണ് കൊലപാതകത്തിന് പിന്നിലെന്ന് ഒരുമാസത്തിന് ശേഷം പൊലീസ് കണ്ടെത്തി.

കല്‍പ്പന ബസു ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം ഒളിപ്പിച്ചു. കൃത്യത്തിന് കൂട്ടുനിന്ന സുരേഷ് കുമാര്‍, അബ്ദുള്‍ കരീം, പങ്കജ് പവാര്‍ എന്നിവരെയും പൊലീസ് പിടികൂടുകയായിരുന്നു.

ഇവരില്‍ ഒരാളുടെ ഭാര്യ നല്‍കിയ സൂചനയനുസരിച്ചാണ് പൊലീസ് കേസ് ചുരുളഴിച്ചത്. തന്റെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ബസോരാജും കല്‍പ്പനയും കര്‍ച്ചോറേമിലാണ് കഴിയുന്നത്.

ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. കല്‍പ്പന വീട്ടമ്മയാണ്. ഒരു മാസം മുന്‍പ് ബസോരാജും കല്‍പ്പനയും വഴക്കിട്ടിരുന്നു. അന്നുരാത്രിയില്‍ കല്‍പ്പന ആരുമറിയാതെ ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് വിവരം ഭര്‍ത്താവിന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു.

ഇവര്‍ മൂന്നുപേരും രാത്രിയില്‍ യുവതിയുടെ സഹായത്തിനെത്തി. നാലുപേരും ചേര്‍ന്ന് മൃതദേഹം 3 കഷണങ്ങളാക്കി വെട്ടിനുറുക്കി കവറുകളിലാക്കി കാറില്‍ കൊണ്ടുപോയി ഗോവ-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലയില്‍ പലയിടത്തായി ഉപേക്ഷിച്ചു.

ഇതിലൊരാളുടെ ഭാര്യയ്ക്ക് സംശയം തോന്നുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകം വെളിപ്പെടുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here