നിപ്പാ വൈറസ് പരത്തിയത് വവ്വാല്‍ അല്ല

കോഴിക്കോട് :നിപ്പാ വൈറസ് രോഗബാധയുടെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഭോപ്പാലില്‍ നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. നിപ്പ വൈറസ് രോഗ ബാധയെ തുടര്‍ന്ന് ആദ്യം മരണപ്പെട്ട മുഹമ്മദ് സാബിത്ത്, മുഹമ്മദ് സാലിഹ് എന്നിവരുടെ വീട്ടിലെ കിണറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയ വവ്വാലുകളെയായിരുന്നു പരിശോധിച്ചിരുന്നത്.

പിന്നീട് ഇവരുടെ പിതാവ് മൂസയും സമാന രോഗബാധയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്  മരണപ്പെട്ടിരുന്നു. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്നെടുത്ത നാല് സാമ്പിളുകളാണ് പരിശോധനയക്ക് അയച്ചത്. ഇവ കൂടാതെ സമീപത്തെ പശു, ആട്, മുയല്‍ എന്നീ ജീവികളുടെ സാമ്പിളുകളും പരിശോധനയക്ക് അയച്ചിരുന്നു.

ഇവയിലും സംശയാസ്പദകമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൊത്തം 25 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. മരണപ്പെട്ട സാബിത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിദേശത്ത് നിന്നും വന്നത്. ഈ യാത്രകളെ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കും.

അതേസമയം നിപ്പാ വൈറസ് നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ കാരണം 12 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള 21 പേരില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here