ട്രെയിന്‍ കൊല ; ബാഹുബലിക്കെതിരെ കേസ്

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എക്കെതിരെ കേസ്. ബിഹാറിലെ മൊക്കാമ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനന്ദ് സിങ്ങിന് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനന്ത് സിങ്ങ് മണ്ഡലത്തില്‍ ഏറെ ജനസ്വാധീനമുള്ള നേതാവാണ്. ബാഹുബലി, ചോട്ടാ സര്‍ക്കാര്‍ എന്നീ പേരുകളിലാണ് ഇദ്ദേഹം പ്രദേശത്ത് അറിയപ്പെടുന്നത്.ക്രിമിനല്‍ കേസുകളില്‍, നിരവധി തവണ പൊലീസ് പിടിയിലായ ഇയാള്‍ കഴിഞ്ഞ നാലു തവണയായി മൊക്കാമ മണ്ഡലത്തില്‍ നിന്നും സ്ഥിരമായി ജനപ്രതിനിധിയായി ജയിച്ച് കയറിയ വ്യക്തിയാണ്. കഴിഞ്ഞ തവണ ജയിലിനുള്ളില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്.

ഒറ്റത്തവണ പോലും പ്രചാരണത്തിന് പങ്കെടുത്തില്ലായെങ്കിലും വന്‍ഭൂരിപക്ഷത്തോടെയാണ് ഇയാള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍  മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറിയത്. ഇത് ഏറെ  വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഞായറാഴ്ച രാത്രിയായിരുന്നു പാടലിപുത്ര-ഹാത്തിയ എക്‌സപ്രസ്സിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ വെച്ച് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാംജനം യാദവ് എന്ന ഗുണ്ടാ നേതാവ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. പ്രദേശത്തെ വനിതാ നേതാവായ നിക്കി യാദവിന്റെ ഭര്‍ത്താവായിരുന്നു രാംജനാം യാദവ്.

ഗൂഢാലോചന കുറ്റത്തിനാണ് അനന്ദ് സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here