കല്യാണ പന്തലില്‍ കാല് പിടിച്ച് കരഞ്ഞ് വരന്‍ ; യുവാവിനെ തട്ടിക്കൊണ്ട് പോയി കല്യാണം കഴിപ്പിച്ചു

മൊക്കാമ :യുവാവിനെ തട്ടിക്കൊണ്ട് പോയതിന് ശേഷം ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിച്ചു. ബിഹാറിലെ മൊക്കാമ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബൊക്കാറൊ സ്റ്റീല്‍ പ്ലാന്റില്‍ എഞ്ചിനിയറായ വിനോദ് യാദവ് എന്ന യുവാവിനാണ് ഇത്തരത്തില്‍ വിവാഹം കഴിക്കേണ്ടി വന്നത്.പട്‌നയിലെ ഒരു ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വിനോദിന്റെ പിതാവിനെ കാണുവാന്‍ വന്ന സുനില്‍ യാദവ് എന്ന വ്യക്തിയാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. സംസ്ഥാനത്തെ ഒരു മന്ത്രിയെ നേരിട്ട് പരിചയമുണ്ടെന്നും സ്ഥലം മാറ്റത്തിനുള്ള അപേക്ഷ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി നല്‍കാമെന്നും പറഞ്ഞ ഇയാള്‍ വിനോദിനെയും കൂട്ടി കാറില്‍ കയറി. ഒരു വര്‍ഷം മുന്‍പ് സുനില്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നെങ്കിലും വലിയ അടുപ്പമൊന്നും വിനോദിന്റെ പിതാവുമായി ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. വണ്ടിയില്‍ കയറിയ വിനോദിനെ ഗുണ്ടകളുടെ സഹായത്തോടെ മൊക്കാമയില്‍ എത്തിച്ച സുനില്‍ ഭീഷണിപ്പെടുത്തി ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടിക്കുകയായിരുന്നു.ഇവര്‍ എത്തുമ്പോഴേക്കും വിവാഹത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെ ഒരുക്കി വെച്ചിരുന്നു. ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ ഇവര്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടിച്ചത്. കരഞ്ഞ് കൊണ്ടാണ് യുവാവ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന് കരുതിയാല്‍ മതിയെന്ന് നാട്ടുകാര്‍ ഇതിനിടയില്‍ യുവാവിന് ഉപദേശവും നല്‍കുന്നുണ്ട്. ബിഹാറില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണ്. ഈ വിവാഹത്തിന്റെ വീഡിയോ അടക്കം പുറത്ത് വന്നതോടെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here