സുന്ദരിയോട് മാപ്പ് പറഞ്ഞ് ത്രിപുരാ മുഖ്യമന്ത്രി

അഗര്‍ത്തല :മുന്‍ മിസ്സ് വേള്‍ഡും ഹൈദരാബാദ് സ്വദേശിനിയുമായ ഡയാന ഹെയ്ഡനോട് മാപ്പ് പറഞ്ഞ് ത്രിപുരാ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. സംസ്ഥാനത്തെ കൈത്തറി മേഖലയുടെ ഉന്നമനത്തിനായി അഗര്‍ത്തലയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ താന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളിലാണ് മുഖ്യമന്ത്രിയുടെ ഖേദ പ്രകടനം.

1994 ലെ മിസ്സ് വേള്‍ഡ് മത്സരത്തില്‍ ഐശ്വര്യ റായിക്ക് ലോക സുന്ദരി പട്ടം ലഭിച്ചതിനെ അംഗീകരിച്ച ബിപ്ലബ് ദേബ് എന്നാല്‍ 1997 ലെ മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ സ്വദേശിയായ ഡയാന ഹെയ്ഡനെ പരിഹസിച്ചു. 1997 ല്‍ ഡയാന ഹെയ്ഡന് എങ്ങനെയാണ് ലോക സുന്ദരി പട്ടം ലഭിച്ചതെന്നും അദ്ദേഹം ചടങ്ങില്‍ പരിഹാസ രൂപേണ സംശയം പ്രകടിപ്പിച്ചു. ഇതിന് പിന്നില്‍ അന്താരാഷ്ട്ര സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന മാഫിയയുടെ പ്രവര്‍ത്തനമാണെന്നുമായിരുന്നു ബിപ്ലബ് ദേബിന്റെ വാദം.

ഡയാനയുടെ ശരീരത്തിന്റെ ഇരുനിറത്തെ പരിഹസിച്ചായിരുന്നു ബിപ്ലബ് ദേബിന്റെ ഈ പരാമര്‍ശം. എന്നാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ത്രിപുരയിലെ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഭട്ടാജര്‍ജിയടക്കം ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ബിപ്ലബ് ദേബിന്റെ നിലപാടിനെതിരെ രംഗത്ത് വന്നു.

ബിപ്ലബ് ദേബിന്റെ പ്രസ്താവനയില്‍ തനിക്ക് വേദനയില്ലെന്നും ഒരോരുത്തര്‍ക്കും അവരുടെതായ കാഴ്ച്ചപാട് ഉണ്ടാകുമെന്നായിരുന്നു വിഷയത്തില്‍ ഡയാന ഹെയ്ഡന്റെ പ്രതികരണം. ലോകത്തിലെ എറ്റവും വലിയ സൗന്ദര്യ മത്സരങ്ങളില്‍ വിജയിച്ചിട്ടും അഭിനന്ദനം നല്‍കുന്നതിന് പകരം ഇത്തരത്തില്‍ പരിഹസിക്കപ്പെടുന്നത് ഏറെ പരിതാപകരവും നാണക്കേടും ഉണ്ടാക്കുന്നതാണെന്നും ഡയാന കൂട്ടിച്ചേര്‍ത്തു. ഒരു ഇന്ത്യക്കാരനും ഇരുനിറത്തോട് അഭിമാനമുള്ളവരായിരിക്കണമെന്നും കാരണം വിദേശികള്‍ പോലും ഈ നിറം ആഗ്രഹിക്കുന്നതായും ഡയാന പറഞ്ഞു.

സംഭവം വിവാദമായതോടെ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിപ്ലബ് ദേബ് രംഗത്തെത്തി. കൈത്തറി മേഖലയിലെ മാര്‍ക്കറ്റിംഗ് സാധ്യതകളെ പറ്റി വിശദമാക്കാനാണ് താന്‍ അത്തരത്തില്‍ ഒരു ഉദാഹരണം പ്രയോഗിച്ചതെന്നും സംഭവം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ബിപ്ലബ് ദേബ് പറഞ്ഞു.മഹാഭാരത കാലം മുതല്‍ക്കെ ഭാരതത്തില്‍ ഇന്റര്‍നെറ്റ് സൗങ്കേതിക വിദ്യയുണ്ടായിരുന്നുവെന്ന പ്രസ്താവനയെ തുടര്‍ന്ന് അടുത്തിടെ ബിപ്ലബ് ദേബ് വിവാദത്തിലകപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here