വീണ്ടും അബദ്ധം വിളമ്പി ബിപ്ലബ് കുമാര്‍ ദേബ്

ഉദയപുര :അബദ്ധ പ്രസ്താവനകള്‍ നടത്തി തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയാറുള്ളയാളാണ് ത്രിപുരാ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. അധികാരത്തിലേറി രണ്ട് മാസം കഴിയുന്നതിന് മുന്നേ തന്നെ കുറഞ്ഞത് അഞ്ചോളം വിവാദ പ്രസ്താവനകള്‍ നടത്തി ഇദ്ദേഹം വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്ധ്യമായി. തുടര്‍ച്ചയായുള്ള ഇത്തരം പരാമര്‍ശങ്ങള്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ശകാരിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

മഹാനായ ഇന്ത്യന്‍ സാഹിത്യകാരന്‍ രബീദ്രനാഥ ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയിരുന്നുവെന്നാണ് ഒടുവില്‍ ഇദ്ദേഹം വെച്ച് കാച്ചിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ച് നല്‍കിയതെന്നായിരുന്നു ബിപ്ലബ് കുമാറിന്റെ വാക്കുകള്‍.

രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു  ക്ഷേത്രത്തില്‍ നടന്ന രാജര്‍ഷി മഹോത്സവത്തിനിടയിലായിരുന്നു ത്രിപുരാ മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. 1913 ലാണ് രബീന്ദ്രനാഥ  ടാഗോറിന് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. 1941 ആഗസ്ത് ഏഴിന് ടാഗോര്‍ മരണമടയുന്നത് വരെ ഈ സമ്മാനം ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ടാഗോറിന് നല്‍കിയ നൈറ്റ്ഹുഡ് ബഹുമതി ഇദ്ദേഹം തിരിച്ചു നല്‍കിയിരുന്നു. 1919 ലെ ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചായിരുന്നു കവിയുടെ ഈ നടപടി. ഈ സംഭവമാണ് ത്രിപുരാ മുഖ്യമന്ത്രി നോബേല്‍ സമ്മാനമായി തെറ്റിദ്ധരിച്ച് വേദിയില്‍ വെച്ച് അബദ്ധം വിളമ്പിയത്.

മഹാഭാരത കാലം മുതല്‍ക്കെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നടക്കമുള്ള നിരവധി മണ്ടന്‍ പ്രസ്താവനകളുമായി നേരത്തേയും വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലബ് കുമാര്‍ ദേബ്.

LEAVE A REPLY

Please enter your comment!
Please enter your name here