അമ്മയുടെ മുന്‍പില്‍ മകള്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകള്‍ക്ക് ദാരുണാന്ത്യം. അമ്മ ഗ്ലാഡിസ് ഡിസൂസയുടെ 100 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 75കാരിയായ മകള്‍ ഗ്ലോറിയ ലോബോ മരിച്ചത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഗ്ലോറിയ തളര്‍ന്ന് വീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാനഡയിലുള്ള ഗ്ലോറിയ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനെത്തിയതായിരുന്നു. ബോലാര്‍ റോസാരിയോ കത്തീഡ്രലിനോട് അനുബന്ധിച്ചുള്ള നിംഫാ സദന്‍ വൃദ്ധ സദനത്തിലാണ് ആഘോഷം നടന്നത്. കേക്ക് മുറിച്ചതിന് ശേഷം വികാരാധീനയായി സംസാരിച്ച ഗ്ലോറിയ ഒരു കവിതയും ചൊല്ലിയിരുന്നു.

ഇതിന് ശേഷമാണ് ഇവര്‍ വീണത്. ഗ്ലാഡിസിന്റെ മകള്‍ ഗ്ലോറിയ, മകള്‍ ലിസ, സഹോദരന്‍ ട്രിവര്‍, ക്രിസ്റ്റഫര്‍ ഡിസൂസ എന്നിവരാണ് കാനഡയില്‍ നിന്നുമെത്തിയിരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനിടെ മ്യാന്മാറിലെ റങ്കൂണിലായിരുന്നു ഗ്ലാഡിസിന്റെ ജനനം (1918 മാര്‍ച്ച് 30 ന്). രണ്ടാം ലോകമഹായുദ്ധത്തിനിടെ മറൈന്‍ എഞ്ചിനീയറായിരുന്ന ജോചിം ലോറന്‍സ് ഡിസൂസയെ അവര്‍ വിവാഹം (1942, ഡിസംബര്‍ 29 ) ചെയ്തു.

തുടര്‍ന്ന് 1950 കളില്‍ അവര്‍ ബര്‍മ്മയില്‍ നിന്നും കല്‍ക്കത്തയ്ക്ക് താമസം മാറ്റി. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ കല്‍ക്കത്ത ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ അധ്യാപികയായിരുന്നു. 2008 മുതല്‍ നിംഫാ സദന്‍ വൃദ്ധ സദനത്തിലാണ് ഗ്ലാഡിസ് താമസിക്കുന്നത്. അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ ഗ്ലോറിയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. കാലാവസ്ഥ മാറിയതും ഗ്ലോറിയയ്ക്ക് പ്രശ്‌നമായി.

LEAVE A REPLY

Please enter your comment!
Please enter your name here