കര്‍ണ്ണാടകയില്‍ ബിജെപി മുന്നേറ്റം

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 110 സീറ്റുകളില്‍ ലീഡ് ചെയ്ത് ബിജെപിയുടെ കനത്ത മുന്നേറ്റം 2013 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 40 സീറ്റുകളായിരുന്നു ബിജെപിക്ക് നേടാനായിരുന്നത്. അതേ സമയം കഴിഞ്ഞ തവണ 120 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ വെറും 70 സീറ്റുകളിലാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.

തിരഞ്ഞെടുപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രവചിച്ചിരുന്ന ജനതാദള്‍-എസ് 40 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയുടെ പ്രധാന വോട്ടു ബാങ്കുകളെന്ന് വിശേഷിപ്പിച്ചിരുന്ന ലിംഗായത്ത് പക്ഷത്തിനെ ഭിന്നിപ്പിക്കാന്‍ സിദ്ധരാമയ്യ നടത്തിയ ശ്രമം ഫലം കണ്ടില്ല. ലിംഗായത്ത് മേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റം നേടി. ലിംഗായത്തുകള്‍ക്ക് പ്രത്യേക സമുദായം എന്ന ആവശ്യത്തെ പിന്തുണയ്ക്കുക വഴി കോണ്‍ഗ്രസ് ഹിന്ദുമതത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം.

ഹൈദരാബാദ് കര്‍ണ്ണാടക, മുംബൈ കര്‍ണ്ണാടക, ബംഗലൂരു കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കടുത്ത മുന്നേറ്റമാണ് ബിജെപി ഇത്തവണ കാഴ്ച്ച വെച്ചത്. കഴിഞ്ഞ തവണ 5 സീറ്റുകളില്‍ മാത്രം ബിജെപി വിജയിച്ച ഹൈദരാബാദ് കര്‍ണ്ണാടക മേഖലയില്‍ 11 സീറ്റുകളില്‍ പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നു. ബംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ജനതാദളിലേക്ക് പോയത് ബിജെപിക്ക് ഗുണം ചെയ്തു.

ബിജെപി കേവല ഭൂരിപക്ഷത്തിനോട് അടുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഏകോപന ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ ബംഗലൂരുവിലേക്ക് തിരച്ചു. ബി എസ് യെദ്യൂരപ്പയെ ആണ് നിലവില്‍ ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനിടെ മുഖ്യമന്ത്രി പദത്തിലേക്ക് യെദ്യൂരപ്പയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും കര്‍ണ്ണാടകയിലെ ബിജെപി മന്ത്രിയുമായ സദാനന്ദ ഗൗഡ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here