ഫൈവ്സ്റ്റാര്‍ ഭക്ഷണം കഴിച്ച് ബിജെപി മന്ത്രിയുടെ നാടകം

ആഗ്ര: ദളിതരുടെ വീട്ടിലൊരുനേരം ഭക്ഷണം എന്ന പരിപാടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി സുരേഷ് റാണ, രജനീഷ് കുമാര്‍ സിംഗ് എന്നയാളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് വലിയ മാധ്യമ പ്രചാരണം ലഭിച്ചിരുന്നു. എന്നാല്‍ ദളിത് കുടുംബം പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച മന്ത്രി പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്ത ഫൈവ് സ്റ്റാര്‍ ഭക്ഷണമാണ് കഴിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

മന്ത്രിയും പരിവാരങ്ങളും അലിഗറിലുള്ള ലോഹാഗദ് ഗ്രാമത്തിലെ താഴ്ന്ന ജാതിക്കാരാനായ രജനീഷ് കുമാറിന്റെ വീട്ടിലാണ് അപ്രതീക്ഷിതമായി എത്തിയത്. വീടിനുള്ളില്‍ ഇരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിറകേ തന്നെ ഡസന്‍ കണക്കിന് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റാര്‍ ഭക്ഷണവുമെത്തി.

ദാല്‍ മഖ്‌നി, മട്ടര്‍ പനീര്‍, പുലാവ്, തന്തൂരി റൊട്ടി, ഗുലാബ് ജാം തുടങ്ങിയ വിഭവങ്ങളാണ് മന്ത്രിയും പരിവാരങ്ങളും ദളിത് സ്‌നേഹം പ്രകടിപ്പിക്കാന്‍ വാങ്ങിക്കൊണ്ടുവന്ന് കഴിച്ചത്. ഫോട്ടോ എടുക്കുന്നതിന് വേണ്ടിയുള്ള വെറും പ്രഹസനം മാത്രമായിരുന്നു അവിടെ നടന്നതെന്ന് രജനീഷ് പറഞ്ഞു. അതേസമയം സംഭവം വിവിദമായതോടെ ആരോപണം മന്ത്രി നിഷേധിച്ചു.

100 പേര്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഭക്ഷണം പുറത്ത് നിന്ന് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. താന്‍ ആ കുടുംബം പാചകം ചെയ്ത ഭക്ഷണമാണ് വീട്ടിലെ സ്വീകരണമുറയില്‍ ഇരുന്ന് കഴിച്ചത്. തന്റെ സന്ദര്‍ശനത്തെ കുറിച്ച് അവര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഒന്നും താനറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാരന്‍ പറയുന്നത്.

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയാണ് അവര്‍ എത്തിയതെന്നും രജനീഷ് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദളിത് വിരുദ്ധ വികാരം വര്‍ധിച്ചുവെന്ന ആക്ഷേപം പരിഹരിക്കാനാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ദളിതരുടെ വീട്ടിലൊരുനേരം ഭക്ഷണം എന്ന പരിപാടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണ്ടി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായാണ് സുരേഷ് റാണ രജനീഷ് കുമാറിന്റെ വീട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here