ബിജെപി മന്ത്രിമാരോട് രാജിയാവശ്യപ്പെട്ടു

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ മെഹബൂബ മുഫ്തി സര്‍ക്കാരിലെ മുഴുവന്‍ ബിജെപി മന്ത്രിമാരും രാജിവെയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതൃത്വം ഇവരോട് രാജിയാവശ്യപ്പെട്ടതായാണ് വിവരം.

കത്വയില്‍ എട്ട് വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരവെയാണ് പ്രസ്തുത രാജിവാര്‍ത്ത. അതേസമയം സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കില്ലെന്നാണ് സൂചന.

നിലവിലുളള മന്ത്രിമാരെ രാജിവെപ്പിച്ച് പകരം നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി നീക്കമെന്നും വിവരമുണ്ട്. വിവാദ കലുഷിതമായ സാഹചര്യം നിലനില്‍ക്കെ ജമ്മു മന്ത്രിസഭയില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കാനുള്ള ബിജെപി നീക്കമാണിതെന്നാണ് വിവരം.

മെഹബൂബ മുഫ്തിയുടെ പിഡിപി സര്‍ക്കാരിന് ഭീഷണിയില്ലെന്ന് ബിജെപി കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നതായി ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലെന്ന് നേതാക്കള്‍ അറിയിക്കുന്നതായാണ് ഇന്‍ഡ്യടുഡെ വ്യക്തമാക്കുന്നത്.

കത്വ സംഭവം ആളിക്കത്തിയതോടെ, ബിജെപിയില്‍ നിന്നുള്ള മന്ത്രിമാരായ ചന്ദ്ര പ്രകാശും, ലാല്‍ സിംഗും രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇരുവരും നേരത്തേ പ്രതികള്‍ക്കുവേണ്ടി രംഗത്തിറങ്ങിയത് വന്‍ വിവാദത്തിന് വഴിവെച്ചതോടെയാണ് പദവിയൊഴിയാന്‍ ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായത്.

ഇരുവരെയും കൂടാതെ ഉപമുഖ്യമന്ത്രി നിര്‍മല്‍ കുമാര്‍ സിംഗ് ഉള്‍പ്പെടെ 9 പേരാണ് മന്ത്രിസഭയിലുള്ളത്. കത്വ സംഭവം മുന്നണിയില്‍ വിള്ളലുണ്ടാക്കിയതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു രണ്ട് മന്ത്രിമാരുടെ രാജി.

LEAVE A REPLY

Please enter your comment!
Please enter your name here