‘മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയവര്‍ക്ക് നിയമസഹായം’

ന്യൂഡല്‍ഹി : കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് മുസ്ലിങ്ങളെ കൊലപ്പെടുത്തിയ പ്രതികള്‍ക്കുവേണ്ടി സുപ്രീം കോടതി വരെ പോകുമെന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബേ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ ബങ്കടിയില്‍ രണ്ട് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിലെ പ്രതികള്‍ക്ക് കേസ് നടത്തിപ്പിനുള്ള പൂര്‍ണ്ണ സാമ്പത്തിക സഹായം നല്‍കുമെന്നാണ് ഗൊഡ്ഡ എംപി നിഷികാന്ത് ദുബേയുടെ വാഗ്ദാനം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചിലരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവസമയത്ത് ആയിരത്തോളം ആളുകള്‍ തടിച്ചുകൂടിയതില്‍ നാലുപേരെ മാത്രം എങ്ങനെ തിരഞ്ഞുപിടിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

അറസ്റ്റിലായവര്‍ ആദിവാസികളാണ്. ആദിവാസികള്‍ കൊലപാതകം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് തന്നെ പറയുന്നു. പിന്നെ എങ്ങനെയാണ് അവരെ തന്നെ അറസ്റ്റ് ചെയ്യാനാവുക. കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ താന്‍ പ്രതികളുടെ കേസ് നടത്തിപ്പിനുള്ള സാമ്പത്തിക സഹായം വിര്‍വഹിച്ച് കൂടെയുണ്ടാകും. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ദുബേ ആവശ്യപ്പെട്ടു.

താല്‍ജ്ഹരിയില്‍ നിന്നുള്ള മുര്‍തസ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ ചേര്‍ന്ന് 12 കന്നുകാലികളെ മോഷ്ടിക്കുകയും ഇതില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റ് മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here