ശിവകുമാറിനെ വില്ലനെന്ന് വിളിച്ച് യെദ്യൂരപ്പ

ബംഗലൂരു :കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ചടുല നീക്കങ്ങള്‍ക്ക് സംസ്ഥാനത്തിനകത്ത് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു ഡി കെ ശിവകുമാര്‍ എന്ന പാര്‍ട്ടി നേതാവ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 103 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 112 ലേക്കെത്താന്‍ പാര്‍ട്ടിക്ക് ഒന്‍പത് അംഗങ്ങളുടെ കുറവ് കൂടിയുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന നാടകീയ സംഭവങ്ങള്‍ക്കിടയില്‍ വന്‍ തുകകള്‍ നല്‍കി പല കോണ്‍ഗ്രസ് എംഎല്‍എമാരേയും ബിജെപി നേതാക്കള്‍ ചാക്കിട്ട് പിടിക്കാന്‍ നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നു. ചാണക്യന്‍ എന്ന് ബിജെപിക്കാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ വരെ പലവിധ തന്ത്രങ്ങള്‍ പയറ്റിയപ്പോഴും ഒരൊറ്റ കോണ്‍ഗ്രസ് എംഎല്‍എ പോലും മറുകണ്ടം ചാടാതെ കാത്തു സൂക്ഷിച്ചത് ഡി കെ ശിവകുമാറിന്റെ ചടുല നീക്കങ്ങളായിരുന്നു.

കളിച്ച് കളിച്ച് അവസാനം ബിജെപി പാളയത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ വരെ
തങ്ങളുടെ ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളിക്കാന്‍ തുടങ്ങി. സ്വന്തമായി റിസോര്‍ട്ടുകള്‍ അടക്കമുള്ള ഡി കെ ശിവകുമാര്‍ എന്ന ഈ സമ്പന്ന കോണ്‍ഗ്രസ് നേതാവാണ് പാര്‍ട്ടി എംഎല്‍എമാരെ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തിയത്. അതുകൊണ്ട് തന്നെ തന്റെ മുഖ്യമന്ത്രി സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഡികെ ശിവകുമാറിനോടുള്ള കലി യെദ്യൂരപ്പയ്ക്ക് ഒരിക്കലും അടയ്ക്കി വെക്കാനുമാവില്ല.

വെള്ളിയാഴ്ച കുമാരസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് മുന്‍പായി നടത്തിയ പ്രസംഗത്തില്‍ ഡി കെ ശിവകുമാറിനെ പരസ്യമായി വില്ലനെന്ന് വിളിച്ചാണ് യെദ്യൂരപ്പ തന്റെ അരിശം മുഴുവനും തീര്‍ത്തത്. ‘മിസ്റ്റര്‍ ശിവകുമാര്‍ നിങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചത്, നിങ്ങളാണ് ഈ കഥയിലെ വില്ലന്‍, റിസോര്‍ട്ട് രാഷ്ട്രീയമാണ് നിങ്ങള്‍ കളിച്ചത്, ഈ കളി കൊണ്ട് നിങ്ങള്‍ക്ക് ഭാവിയില്‍ ഒരു നേട്ടവുമുണ്ടാവാന്‍ പോകുന്നില്ല മറിച്ച് പശ്ചാത്തപിക്കേണ്ടി വരും’ എന്നായിരുന്നു യെദ്യൂരപ്പയുടെ പരാമര്‍ശം.

എന്നാല്‍ ഇതൊക്കെ കേട്ട് ചിരിച്ച് നിന്ന ശിവകുമാര്‍ മറുപടിക്കായി എഴുന്നേറ്റു. ‘അദ്ദേഹം എന്തു വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ, പക്ഷെ ഞാന്‍ നിങ്ങളുടെ വില്ലനല്ല, പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ഉത്തരവാദിത്വം താന്‍ നിറവേറ്റി എന്നതില്‍ കവിഞ്ഞ് താന്‍ ഒന്നും ചെയ്തിട്ടില്ല, നമ്മള്‍ നല്ല സുഹൃത്തുക്കളല്ലെ’ എന്നായിരുന്നു ഡികെ ശിവകുമാറിന്റെ കിടിലന്‍ മറുപടി.

ഉടന്‍ തന്നെ ഗംഭീര ഡയലോഗുമായി സ്പീക്കറും എത്തി. ശിവകുമാര്‍, ഒരാളുടെ ഭക്ഷണം മറ്റൊരാള്‍ക്ക് വിഷമാകും നിങ്ങള്‍ ഒരു പാട് പേര്‍ക്ക് ഹീറോയാണ് എന്നാല്‍ ഇദ്ദേഹത്തിന് വില്ലനാണ്. എന്നായിരുന്നു സ്പീക്കറുടെ വകയായി യെദ്യൂരപ്പയ്ക്ക് കിട്ടിയ ട്രോളും.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here