ബിജെപി നേതാവിന്റെ വാഹനത്തിന് തീ പിടിച്ചു.

യാദഗിരി :സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലുള്ള ബിജെപി നേതാവിന്റെ വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ പിടിച്ചു. കര്‍ണ്ണാടകയിലെ യാദഗിരി ജില്ലയിലെ മാരിയമ്മ കോവിലിന് സമീപത്തെ റോഡില്‍ വെച്ചാണ് വാഹനം അഗ്നിക്കിരയായത്. പ്രാദേശിക ബിജെപി നേതാവായ ശരണ്‍ ഭൂപാല റെഡ്ഡിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വരാന്‍ പോകുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് ശരണ്‍ റെഡ്ഡി. അപകടം നടക്കുമ്പോള്‍ ഇദ്ദേഹവും വാഹനത്തിനകത്ത് ഉണ്ടായിരുന്നു. പുതിയ മോഡല്‍ ഫോര്‍ഡ് എന്‍ഡോവര്‍ കാറാണ് കത്തി നശിച്ചത്. അടുത്തിടെയാണ് നേതാവ് ഈ കാര്‍ സ്വന്തമാക്കിയത്. വാഹനത്തില്‍ നിന്നും ചെറിയ തോതില്‍ പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ ശരണും കൂട്ടാളികളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. കാര്‍ ഭാഗീകമായും കത്തി നശിച്ച നിലയിലാണ്.

കാറിനുള്ളിലെ എഞ്ചിനില്‍ സംഭവിച്ച സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here