‘ഓപ്പറേഷന്‍ കമലു’മായി ബിജെപി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 9 സീറ്റിനാണ് ബിജെപി ഭരണത്തില്‍ നിന്ന് അകന്നുപോയത്. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക് 104 എംഎല്‍എമാരെയേ ലഭിച്ചുള്ളൂ.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസ് ജെഡിഎസിന് പിന്‍തുണ പ്രഖ്യാപിച്ചതോടെ അധികാരം പിടിക്കാമെന്ന സ്വപ്‌നം ബിജെപിക്ക് കൈയ്യകലത്ത് നഷ്ടമാവുകയാണ്. കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം സീറ്റുകളുണ്ട്. കൂടാതെ 2 സ്വതന്ത്രരുടെ പിന്‍തുണയുമുണ്ട്.

ഇതുകൂടിയാകുമ്പോള്‍ 118 അംഗങ്ങളുടെ പിന്‍തുണ ജെഡിഎസ് സര്‍ക്കാരിനുണ്ടാകും. ഇതോടെ കുമാരസ്വാമി മുഖ്യമന്ത്രിയാകും. സോണിയാ ഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടലാണ് ജെഡിഎസ് മന്ത്രിസഭയ്ക്ക് കളമൊരുക്കിയത്. ജെഡിഎസിന് കോണ്‍ഗ്രസ് നിരുപാധിക പിന്‍തുണ പ്രഖ്യാപിക്കുകയായിരുന്നു.

മുഖ്യമന്ത്രിയായി കുമാരസ്വാമിയെ പിന്‍തുണയ്ക്കാമെന്ന് സോണിയ, പിതാവ് ദേവഗൗഡയെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇത് നിര്‍ണ്ണായകമായ വഴിത്തിരിവായി. അതേസമയം വഴുതിപ്പോയ ഭരണം പിടിക്കാന്‍ ബിജെപി ‘ഓപ്പറേഷന്‍ കമലു’മായി രംഗത്തുണ്ട്.

കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്താനാവുമോയെന്നാണ് ശ്രമം. രണ്ട് സ്വതന്ത്ര എംഎല്‍എമാരെയും കൂടെക്കൂട്ടാന്‍ പിന്‍വാതില്‍ ശ്രമങ്ങള്‍ നടത്തുകയാണ്.

അതേസമയം സ്വതന്ത്രരടക്കം 118 എംഎല്‍എമാരുടെ പിന്‍തുണയറിയിച്ച് കോണ്‍ഗ്രസ് നേതാക്കളും കുമാരസ്വാമിയും ഗവര്‍ണറെ കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മോദി-ഷാ-യെദ്യൂരപ്പ കൂട്ടുകെട്ടിന്റെ ഓപ്പറേഷന്‍ കമല്‍ ഫലം കാണുമോയെന്ന് കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here