തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തുടരുന്നു. അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ കൊല്ലുമെന്നുമാണ് ഭീഷണി.
ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോഴും അല്ലു അര്‍ജുന്റെ ആരാധകര്‍ അപര്‍ണയെ വേട്ടയാടുകയാണ്. മലപ്പുറം പൊലീസിനും മുഖ്യമന്ത്രിക്കും ഡിജിപിക്കും
പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്.
‘എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ’ എന്ന അല്ലു അര്‍ജ്ജുന്റെ സിനിമയെ കുറിച്ചാണ് റിവ്യൂ എഴുതിയത്. എഴുത്തുകാരി പി. ഗീതയുടെ മകളാണ് അപര്‍ണ. ചിത്രത്തെക്കുറിച്ച് അപര്‍ണ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
അന്ന് മുതല്‍ അശ്ലീല പദപ്രയോഗങ്ങളും മാനഭംഗ വധഭീഷണിയുമാണ് അപര്ണയ്ക്ക് നേരെ നടക്കുന്നത്. അമ്മയേയും മകളേയും പീഡിപ്പിക്കുമെന്നും കൊന്നുകളയുമെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശങ്ങള്‍. അപര്‍ണയുടെ വീടിന് നാല് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും സന്ദേശങ്ങള്‍ അയച്ചവരുടെ കൂട്ടത്തിലുണ്ട്.
അതേസമയം സംഭവത്തെ അപലപിച്ച് അല്ലു അര്ജുന് ഫാന്‍സ് രംഗത്തെത്തിയിരുന്നു. അപര്ണയ്ക്ക് ഭീഷണി സന്ദേശം അയച്ചവരില്‍ ഫാന്‍സ് അസോസിയേഷനില്‍ അംഗങ്ങളായവരുണ്ടെങ്കില് നടപടിയെടുക്കുമെന്നായിരുന്നു ഇവരുടെ വിശദീകരണം.