ഒന്നര വര്‍ഷം മുമ്പ് കാണാതായ മകന്റെ അസ്ഥികൂടം മരപ്പെട്ടിയില്‍

ലഖ്‌നൗ: കളിക്കാന്‍ പോയ മകന്‍ വന്ന് അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ പേടിപ്പെടുത്തുന്ന ഒരു പാവയുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ എട്ട് വയസുകാരനായ മകന്‍ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത് കൊണ്ട് വരാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഫോട്ടോ കൊണ്ട് വന്നിട്ടും അതാരും വേണ്ടരീതിയില്‍ ശ്രദ്ധിച്ചില്ല.

എന്നാല്‍ തൊട്ടടുത്ത ദിവസം അപ്രതീക്ഷിതമായി ഫോട്ടോ ശ്രദ്ധിച്ച വീട്ടുകാര്‍ പെട്ടെന്ന് തന്നെ ടെറസ്സിന് മുകളിലെത്തി. നാസര്‍ മുഹമ്മദിന്റെ ഒന്നര വര്‍ഷം മുമ്പ് കാണാതായ നാലുവയസ്സുകാരന്‍ മകന്റെ മൃതദേഹമായിരുന്നു അത്. സഹിബാബാദിലെ ഗരിമ ഗാര്‍ഡന്‍ മേഖലയിലുള്ള ഒരു വീടിന് മുകളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 2016 ഡിസംബര്‍ ഒന്നിനാണ് മുഹമ്മദ് സെയ്ദ് എന്ന നാലുവയസ്സുകാരനെ കാണാതായത്.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍സന്ദേശം എത്തിയിരുന്നു. ഫോണ്‍വിളി പിന്തുടര്‍ന്ന് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തുവെങ്കിലും കാണാതായ കുട്ടിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. സെയ്ദിന്റെ ജ്യേഷ്ഠനും കൂട്ടുകാരും വെള്ളിയാഴ്ച കളിക്കുന്നതിനിടെ പന്ത് വീടിന്റെ ടെറസ്സിലേക്ക് പോയിരുന്നു.

പന്ത് എടുക്കാന്‍ അവിടെയെത്തിയ കുട്ടികളാണ് പെട്ടിക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കാണാതായപ്പോള്‍ ധരിച്ച അതേ വസ്ത്രം തന്നെയായിരുന്നു മൃതദേഹത്തിനും. അതേസമയം ഡിഎന്‍എ പരിശോധനാഫലം വന്നാലേ സെയ്ദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാനാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here