9 വര്‍ഷത്തെ ദാമ്പത്യം ഹൈക്കോടതി റദ്ദാക്കി

മുംബൈ: ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ദമ്പതികളുടെ വിവാഹം മുംബൈ ഹൈക്കോടതി അസാധുവാക്കി. കൊലാപൂര്‍ സ്വദേശികളായ ദമ്പതികള്‍ ദീര്‍ഘനാളായി നടത്തിവന്ന നിയമ പോരാട്ടമാണ് അവസാനിച്ചത്.

വിവാഹം പൂര്‍ണതയില്‍ എത്തിയിട്ടില്ല എന്ന് പറഞ്ഞാണ് കോടതി ബന്ധം അസാധുവാക്കിയത്. ഒന്നുമെഴുതാത്ത രേഖകളില്‍ ഒപ്പിട്ടുവാങ്ങി തന്നെ ഭര്‍ത്താവ് വഞ്ചിച്ചാണ് വിവാഹം കഴിച്ചതെന്ന് യുവതി കോടതിയില്‍ വാദിച്ചു. താന്‍ ഒപ്പിട്ട് നല്‍കിയത് വിവാഹ രേഖകളിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പറഞ്ഞെങ്കിലും ഇക്കാര്യം കോടതി അംഗീകരിച്ചില്ല.

വഞ്ചന നടന്നതായി തെളിവില്ലെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തത് വിവാഹ മോചനത്തിന് പര്യാപ്തമായ കാരണമാണെന്നും കോടതി നിരീക്ഷിച്ചു.

വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നാണ് ദമ്പതിമാര്‍ക്കിടയിലെ ശാരീരിക ബന്ധം. അങ്ങനെ ഒരു ബന്ധം ഇല്ലെങ്കില്‍ പിന്നെ വിവാഹ ബന്ധത്തിന്റെ ലക്ഷ്യം തന്നെ തകര്‍ക്കപ്പെട്ടു എന്നാണ് കോടതിയുടെ വിലയിരുത്തല്‍.

ജസ്റ്റിസ് മൃദുല ഭട്കര്‍ ആയിരുന്നു വിധി പ്രഖ്യാപിച്ചത്. ഒരു തവണയെങ്കിലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എങ്കില്‍ വിവാഹബന്ധം സഫലമായേനെ എന്നായിരുന്നു നിരീക്ഷണം. അതുപോലും ഇല്ലാത്ത സാഹചര്യത്തിലാണ് വിവാഹം അസാധുവാക്കുന്നത് എന്നും വിധിന്യായത്തില്‍ പറയുന്നു.

അതേസമയം ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായെന്ന് ഭര്‍ത്താവ് പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നുമില്ലാത്തത് കൊണ്ട് ഭാര്യയുടെ വാദം വിശ്വാസത്തിലെടുക്കുന്നുവെന്നും കോടതി വിധിച്ചു. 2009ലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയ്ക്കും ഭര്‍ത്താവിനും അന്ന് 21ഉം 24ഉം വയസായിരുന്നു.

തന്നെ രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോയി വെള്ളപ്പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയെന്നും വിവാഹ രേഖകളിലാണെന്ന് അറിയാതെയാണ് ഒപ്പിട്ട് നല്‍കിയതെന്നുമാണ് യുവതി പരാതിപ്പെട്ടത്. ആദ്യം വിചാരണ കോടതി വിവാഹം അസാധുവാക്കി ഉത്തരവ് പുറപ്പെടുവിച്ചതായിരുന്നു. എന്നാല്‍ ഭര്‍ത്താവ് മേല്‍ക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സ്വന്തമാക്കുകയായിരുന്നു. അതിന് ശേഷം ആയിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here