70 പൊലീസുകാരുടെ അകമ്പടിയോടെ ഒരു കുട്ടി

കാലിഫോര്‍ണിയ :വെടിവെപ്പില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് വ്യത്യസ്ഥമായ ഒരു സ്മരണാഞ്ജലി നല്‍കി സഹപ്രവര്‍ത്തകര്‍. മരിച്ച
വ്യക്തിയുടെ മകനെ തിരിച്ച് സ്‌കൂളിലേക്കയക്കാന്‍ ഒപ്പം പോയാണ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സഹപ്രവര്‍ത്തകനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം.

ദക്കോത്ത പിറ്റ്‌സ് എന്ന അഞ്ചു വയസ്സുകാരനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലേക്ക് കൊണ്ട് പോയത്. 70 പൊലീസുകാരാണ് ഈ കുട്ടിക്ക് അകമ്പടി സേവിച്ചത്. നിരന്ന് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് മുന്നിലൂടെ സ്‌കൂളിലേക്ക് നടന്നടുക്കുന്ന ഈ ബാലന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ തരംഗമായി. ഈ മാസം ആദ്യം ഒരു കൊലപാതകിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് ദക്കോത്ത പിറ്റ്‌സിന്റെ പിതാവ് റോബ് പിറ്റ്‌സ് വെടിയേറ്റു കൊല്ലപ്പെടുന്നത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറിയ പ്രതിയെ പിന്തുടര്‍ന്നതായിരുന്നു ഇദ്ദേഹം. ഇതിനിടയിലാണ് രണ്ടാം നിലയില്‍ നിന്നും പ്രതി ദക്കോത്തയുടെ അച്ഛന് നേരെ വെടിയുതിര്‍ത്തത്. ഇതോട് കൂടി ദക്കോത്ത മാനസികമായി തളര്‍ന്നു. അവന് വീട്ടില്‍ ഏറ്റവും അടുപ്പം അച്ഛനോടായിരുന്നു. എന്നും അവനെ സ്‌കൂളിലേക്ക് കൊണ്ടു വിടാറുള്ളതും റോബ് അയിരുന്നു.

പിതാവ് മരിച്ചതിനാല്‍ കുറച്ച് നാള്‍ അവധിയിലായിരുന്നു കുഞ്ഞു ദക്കോത്തെ. തിരിച്ച് സ്‌കൂളില്‍ പോകുവാനുള്ള ദിവസം അടുത്തപ്പോഴാണ് തന്നെ ഇനി ആരാണ് സ്‌കൂളിലേക്ക് കൊണ്ടു പോയി വിടുക എന്ന് അവന്‍ അമ്മയോട് ചോദിച്ചത്. അച്ഛന്റെ കൂട്ടുകാരായ പൊലീസുകാര്‍ ആരെങ്കിലും തന്നെ സ്‌കൂളില്‍ കൊണ്ടു വിടാന്‍ വരുമോയെന്നും അവന്‍ അമ്മയോട് ആരാഞ്ഞു. അമ്മ ഈ കാര്യം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ദക്കോത്തയെ സ്‌കൂളിലേക്ക് അയക്കാന്‍ പിതാവിന്റെ സഹപ്രവര്‍ത്തകര്‍ ഒരുമിച്ച് എത്തിയത്. പിതാവിന് മരണാനന്തര ബഹുമതിയായി ലഭിച്ച ധീരതയ്ക്കുള്ള ബാഡ്ജും കഴുത്തിലിട്ടാണ് ദക്കോത്തെ സ്‌കൂളിലേക്ക് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here