17 കാരന് വളര്‍ത്ത് പശുവിനാല്‍ ദാരുണാന്ത്യം

ഹൈദരാബാദ് : 17 കാരന് വളര്‍ത്ത് പശുവിനാല്‍ ദാരുണാന്ത്യം. തെലങ്കാനയിലെ മല്‍കാറാം, ശംഷാബാദിലാണ് നടുക്കുന്ന സംഭവം. ഹരീഷ് റെഡ്ഡിയെന്ന യുവാവാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. സംഭവം ഇങ്ങനെ. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷം ഹരീഷ് റെഡ്ഡി കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട് വരികയാണ്.

അച്ഛനും അമ്മയും സഹോദരിയുമാണ് ഇയാള്‍ക്കുള്ളത്. കഴിഞ്ഞദിവസം മേയ്ക്കാന്‍ പശുക്കളുമായി ഇയാള്‍ പുറത്തേക്കിറങ്ങി. 3 പശുക്കളെയും അല്‍പ്പ സമയം തീറ്റിച്ച ശേഷം അവയുടെ ദാഹമകറ്റാനായി വെള്ളക്കെട്ടിലിറക്കി. ഈ സമയം 17 കാരന്‍ ഒരു പശുവിന്റെ കയറെടുത്ത് തന്റെ അരയ്ക്ക് കുരുക്കിട്ടു.

മറ്റ് രണ്ട് പശുക്കളുടെ കയറുകള്‍ കയ്യില്‍ കരുതി. എന്നാല്‍ കുരുക്കിട്ട പശു പൊടുന്നനെ പരിഭ്രാന്തയായി കുതിച്ചുപായാന്‍ തുടങ്ങി. ഹരീഷിനെയും വലിച്ചാണ് പശു കുതിച്ചത്. പശുവിനെ പിടിച്ചുനിര്‍ത്താന്‍ ഹരീഷിനായില്ല. പശു ഓട്ടത്തിന്റെ വേഗത കൂട്ടിയതോടെ ഹരീഷ് തെറിച്ചുവീഴുകയും അവനെ പശു വലിച്ചിഴയ്ക്കുകയും ചെയ്തു.

ഏറെ നേരം ഹരീഷിനെയും വലിച്ച് പശു ഓടി. ഇതിനിടെ കല്ലിലും മരത്തിലുമെല്ലാം ചെന്നിടിച്ച് ഹരീഷിന്റെ ശരീരത്തില്‍ നിന്ന് രക്തക്തമൊലിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ നിലത്തുരഞ്ഞ് കയര്‍ പൊട്ടിയപ്പോഴാണ് ഹരീഷിന് പശുവിന്റെ കുതിപ്പില്‍ നിന്ന് മോചനമുണ്ടായത്. പക്ഷേ അപ്പോഴേക്കും 17 കാരന്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here