റിയാസിന് കൈകളും കാലും നഷ്ടമായെങ്കിലും അവന്റെ ധീരകൃത്യത്തില്‍ ജീവിച്ചിരിക്കുന്നത് 3 പേര്‍

ലക്‌നൗ : ഇത് റിയാസ് അഹമ്മദ്. വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യത്താല്‍ മറികടക്കുകയാണ് ഈ ബിരുദവിദ്യാര്‍ത്ഥി. കാലുകൊണ്ട് പരീക്ഷയെഴുതി റിയാസ് ശ്രദ്ധയാകര്‍ഷിക്കുകയാണ്. എന്നാല്‍ രാജ്യം അംഗീകരിച്ച ധീരതയ്ക്കുടമയാണ് ഈ 21 കാരന്‍.തന്റെ ഏഴാം വയസ്സില്‍ മരണവക്കില്‍ നിന്ന് ഒരു പെണ്‍കുട്ടിയെയും രണ്ട് മുതിര്‍ന്നവരെയും രക്ഷിക്കുന്നതിനിടയിലാണ് റിയാസിന് ഇരുകൈകളും ഒരു കാലും നഷ്ടമായത്. ആ സംഭവത്തെക്കുറിച്ച് റിയാസ് മനസ്സുതുറക്കുന്നു. 1996 ഒക്ടൊബര്‍ 10 ന് ലക്‌നൗവിലെ ടെലിബാഗിലാണ് റിയാസ് ജനിച്ചത്. മുട്ടക്കച്ചവടക്കാരനായിരുന്നു പിതാവ്. മാതാവ് വീട്ടമ്മയും. ഇവരുടെ 8 മക്കളില്‍ രണ്ടാമനാണ് റിയാസ്. 2003 ലാണ് റിയാസിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. ഡാലിഗനിലെ റെയില്‍വേ ട്രാക്കിലൂടെ ഒരു പെണ്‍കുട്ടി അശ്രദ്ധമായി നടന്നുപോകുന്നത് കണ്ടു. കുട്ടിയുടെ അച്ഛനും ഒരു യുവാവും അല്‍പ്പം അകന്ന് നടക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ വരുമെന്നും കുട്ടിയോട് ട്രാക്കില്‍ നിന്ന് ഇറങ്ങാന്‍ പറയൂവെന്നും താന്‍ അയാളോട് പറഞ്ഞു. എന്നാല്‍ അയാള്‍ ഗൗനിച്ചില്ല. നിമിഷങ്ങള്‍ക്കകമാണ് പിന്നിലൂടെ ട്രെയിന്‍ കുതിച്ചെത്തിയത്. ഇതുകണ്ടതും കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്ന യുവാവും ട്രാക്കിലേക്ക് ഇരച്ചുകയറി കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. താനും ട്രാക്കിലേക്ക് കുതിച്ചുചാടി. കുട്ടിയെ കയ്യില്‍ കിട്ടിയ ഉടന്‍ താന്‍ ട്രാക്കില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു.ഈ സമയം ട്രാക്കിലേക്കെത്തിയ അച്ഛനെയും യുവാവിനെയും ട്രാക്കിന് പുറത്തേക്ക് ഉന്തിമാറ്റുകയും ചെയ്തു. തുടര്‍ന്ന് പുറത്തേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ ട്രാക്കില്‍ വീണു.രണ്ട് കയ്യും കാലും ട്രാക്കില്‍പ്പെട്ടു. പക്ഷേ തനിക്ക് അന്ന് മൂന്ന് ജീവനുകള്‍ രക്ഷിക്കാനായതില്‍ അഭിമാനമുണ്ടെന്ന് റിയാസ് പറയുന്നു. 2010 ല്‍ മൗറീഷ്യസ് പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് ഗ്ലോബല്‍ ബ്രേവറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട് റിയാസിന്.2003 ല്‍ ദേശീയ ധീരതാ പുരസ്‌കാരത്തിന് അര്‍ഹനായി. 2003 ല്‍ തന്നെ സഞ്ജയ് ചോപ്രയുടെ നാമധേയത്തിലൂടെ ധീരതാ അവാര്‍ഡും ലഭിച്ചു. കൈകള്‍ നഷ്ടമായതോടെ കാലുപയോഗിച്ച് എഴുതിപ്പഠിക്കുകയായിരുന്നു.കൃത്രിമ കൈകളും കാലുമാണ് റിയാസിനുള്ളത്. ഇപ്പോള്‍ പരീക്ഷകളടക്കം കാല്‍കൊണ്ടാണ് എഴുതുന്നത്. പഠനത്തിലൂടെ ഇനിയും ഉയരങ്ങള്‍ കീഴടക്കണമെന്നുണ്ട് റിയാസിന്.പക്ഷേ തീര്‍ത്തും സാധാരണക്കാരായ ഈ കുടുംബം ജീവിതച്ചെലവ് തന്നെ കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. തുടര്‍പഠനത്തിന് സര്‍ക്കാര്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് റിയാസ്.

LEAVE A REPLY

Please enter your comment!
Please enter your name here