5 വയസുകാരന്‍ സഹോദരനെ വെടിവെച്ചു

മിസോറി: അഞ്ച് വയസുകാരന്റെ വെടിയേറ്റ് ഏഴുവയസ്സുകാരനായ സഹോദരന്‍ മരിച്ചു. മിഠായി അന്വേഷിച്ച് ചെന്ന അഞ്ച് വയസുകാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

ഏഴുവയസ്സുകാരന്‍ ജെര്‍മൊന്‍ പെറിയുടെ തലയിലാണ് വെടികൊണ്ടത്. യുഎസിലെ മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിയിലായിരുന്നു സംഭവം. മാതാപിതാക്കളുടെ ഡ്രസിങ് ഡ്രോയറില്‍ മിഠായിക്കായി കുഞ്ഞ് പരതുകയായിരുന്നു.

അപ്പോഴാണ് പിതാവ് ജെറീക്കോ പെറിയുടെ കൈത്തോക്ക് കൈയില്‍ കിട്ടിയത്. കുട്ടികള്‍ ഇരുവരും മുകള്‍നിലയില്‍ ആയിരുന്നു. അമ്മ അടുക്കളയിലും. ഈ സമയത്താണ് അത്യാഹിതം സംഭവിച്ചത്.

ശനിയാഴ്ച വെടിയൊച്ച കേട്ടാണ് അമ്മ മിഷേല്‍ ലോസണ്‍ മുകളിലത്തെ മുറിയിലേക്ക് എത്തിയത്. ലോസണ്‍ എത്തിയപ്പോഴേക്കും ജെര്‍മൊന്‍ പെറി വീണിരുന്നു. ജീവന്‍ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിച്ച കുട്ടി മരിക്കുകയായിരുന്നു.

കുട്ടികള്‍ മിഠായി അധികം കഴിക്കുന്നതിനാല്‍ അവര്‍ കാണാതെ അമ്മ മിഠായി ഒളിച്ചുവയ്ക്കുന്നത് പതിവായിരുന്നു. ഇതാണ് കുട്ടി മിഠായി തപ്പി നടക്കാനിടയായത്. അതേസമയം എന്തുതരത്തിലുള്ള തോക്കാണെന്നോ മറ്റു വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here