അമ്മയെ സംസ്‌കരിക്കാന്‍ പണമില്ലാതെ മക്കള്‍

ഡിണ്ടിഗല്‍: ചികിത്സയിലിരുന്ന അമ്മ മരിച്ചപ്പോള്‍ സഹായിക്കാനാരുമില്ലാതെ സഹോദരങ്ങള്‍. അമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള കാശില്ലാതെ വിഷമിച്ച രണ്ട് ആണ്‍ മക്കള്‍ ആശുപത്രി വാര്‍ഡുകള്‍ കയറിയിറങ്ങി സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു.

പലരും കയ്യിലുള്ള ചെറിയ തുക നല്‍കിയെങ്കിലും തികഞ്ഞില്ല. തുടര്‍ന്ന് ഡിണ്ടിഗല്‍ റോട്ടറി ക്ലബിന്റെ മുന്‍ പ്രസിഡന്റ് എസ് ഇളങ്കോവന്‍ സ്ഥലത്തെത്തി കുട്ടികളെ സഹായിക്കുകയായിരുന്നു.

വൈദ്യുത ശ്മശാനത്തില്‍ അവര്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. ഇവരുടെ പിതാവ് കാളിയപ്പന്‍ നേരത്തെ മരിച്ചിരുന്നു. അമരാവതിയിലുള്ള വിജയയാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്.

ഡിണ്ടഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിജയയ്ക്ക് പതിനാല് വയസുകാരന്‍ വേല്‍മുരുകനെയും പതിനഞ്ചുകാരന്‍ മോഹന്‍രാജിനെയും കൂടാതെ ഒമ്പത് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.

2008 ല്‍ അച്ഛനെ നഷ്ടപ്പെട്ട ഇവര്‍ക്ക് അമ്മയെ കൂടെ നഷ്ടപ്പെട്ടപ്പോള്‍ തീര്‍ത്തും അനാഥരായി ഇവര്‍. ആശുപത്രിയില്‍ വെച്ച് വിജയ മരിച്ചതോടെ മുതിര്‍ന്നവരെ വിവരമറിയിക്കാന്‍ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ബന്ധുവെന്ന് പറയാന്‍ ആകെയുണ്ടായിരുന്ന അച്ഛന്റെ സഹോദരനെ ഫോണില്‍ വിളിക്കാന്‍ ആരും ഇവരെ സഹായിച്ചില്ല. ഒടുവില്‍ അമ്മയുടെ സംസ്‌കാരം നടത്താന്‍ പൈസ കണ്ടെത്തണമെന്ന് ഇവര്‍ തീരുമാനിച്ചു.

അങ്ങനെയാണ് ആശുപത്രിയിലെത്തിയവരോട് സഹായമഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഈ വിവരം അറിഞ്ഞ റോട്ടറി ക്ലബിന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ഇളങ്കോവന്‍ ആശുപത്രിയിലെത്തി.

സംസ്‌കാര ചടങ്ങുകള്‍ക്കാവശ്യമായ തുക നല്‍കുകയും കുട്ടികളുടെ പഠനം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here