സഹോദരനെ മയക്കി പ്രതി ജയില്‍ ചാടി

ലിമ :സഹോദരനെ സോഡയില്‍ മരുന്ന് കൊടുത്ത് മയക്കി കിടത്തി യുവാവ് ജയില്‍ ചാടി. പെറുവിലെ ലിമായിലുള്ള ബ്രെസണ്‍ ജയിലിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. തന്റെ അതേ രൂപ സാദൃശ്യമുള്ള ഇരട്ട സഹോദരനെ ജയില്‍ വളപ്പില്‍ മയക്കി കിടത്തിയാണ് യുവാവ് രക്ഷപ്പെട്ടത്.

കഴിഞ്ഞ മാസം ജനുവരി 10 നായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പതിനാറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന അലക്‌സാണ്ടര്‍ ജെഫേര്‍ഡസണ്‍ ഡെല്‍ഗാഡോയാണ് ഇപ്രകാരം ജയില്‍ ചാടി പൊലീസിനെ കബളിപ്പിച്ചത്.

ജനുവരി 10 ന് രാവിലെ സഹോദരനെ കാണനെത്തിയതായിരുന്നു ചേട്ടന്‍ ഗ്യാന്‍സാര്‍ലോ. ജയില്‍ വളപ്പിലെ തുറസ്സായ സ്ഥലത്ത് വെച്ച് സംസാരിച്ചു കൊണ്ടിരിക്കവെ ചേട്ടന് കുടിക്കാനായി കൊടുത്ത സോഡയില്‍ പ്രതി മയക്കു ഗുളിക കലര്‍ത്തി.ഇത് കഴിച്ചതിന് ശേഷം ബോധരഹിതനായ ഗ്യാന്‍സാര്‍ലോയുടെയും തന്റെയും വസ്ത്രങ്ങള്‍ അലക്‌സാണ്ടര്‍ പരസ്പരം മാറ്റി. ഇതിന് ശേഷം യാതോരു ഭാവവ്യത്യാസങ്ങളുമില്ലാതെ പുറത്തേക്ക് കടക്കേണ്ട വാതിലില്‍ കൂടി പ്രതി ഇറങ്ങി പോകുന്നത് സിസിടിവി ക്യാമറയില്‍ വ്യക്തമാണ്.

ബോധം വന്ന ഗ്യാന്‍സാര്‍ലോ ചുറ്റും പൊലീസിനെ കണ്ട് അന്തം വിട്ടു. തന്റെ നിസ്സഹായത എത്ര തവണ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥന്‍മാരാരും അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. അവസാനം ഫിംഗര്‍ പ്രിന്റ് പരിശോധിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്.

പുറത്ത് ചാടിയ പ്രതിയെ രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് പിടികൂടി. അമ്മയെ കാണുവാന്‍ വേണ്ടിയാണ് താന്‍ ഇപ്രകാരം ജയില്‍ ചാടിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അതേ സമയം സംഭവത്തില്‍ ആറ് പൊലീസുകാരെ കൃത്യ നിര്‍വഹണത്തിലെ പിഴവ് മൂലം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here