ബില്ലടയ്ക്കാന്‍ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ബെയ്ജിങ്: രോഗിയായ മകളുടെ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണം കണ്ടെത്താന്‍ മറ്റുവഴികളൊന്നുമില്ലാതെ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരു അമ്മ. ചൈനയിലെ ഷെന്‍ഹായ് ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്താണ് സംഭവം.

‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു.

ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടി മാരകമായ രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ കുട്ടിയുടെ ആശുപത്രി ചിലവിനു വേണ്ടിയാണ് മുലപ്പാല്‍ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററില്‍ പറയുന്നു.

പോസ്റ്ററിന്റെ ഏറ്റവും ഒടുവില്‍ കുഞ്ഞിന്റെ ചിത്രവും മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്. ചൈനയിലെ മിയോപൈ എന്ന വീഡിയോ സൈറ്റില്‍ പീര്‍ വീഡിയോ ടീം സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചൈനയുടെ സോഷ്യല്‍ മീഡിയയായ സിന വെയ്‌ബോ വീഡിയോ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലായി. 2.4 മില്യണിലധികം പേരാണ് സിന വെയ്‌ബോയില്‍ ഈ വീഡിയോ കണ്ടത്.

അതേസമയം ദമ്പതികളുടെ കുഞ്ഞിനെ രക്ഷിക്കാനായി സെല്‍ മില്‍ക് സേവ് ഗേള്‍ എന്ന ആശയമുയര്‍ത്തിയുള്ള പ്രചരണത്തിനും ചൈനയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ സംഭവത്തില്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here