മരണം കൊണ്ടുപോകുന്നതിന് മുന്‍പ് അവന്‍ അവളെ ജീവിതസഖിയാക്കി; ഒരു അനശ്വര പ്രണയകഥ

കണക്ടിക്കട്ട്: രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കരളലയിച്ച അപൂര്‍വ മുഹൂര്‍ത്തത്തിനാണ് സെന്റ് ഫ്രാന്‍സിസ് ആശുപത്രി വേദിയായത്. അനശ്വര പ്രണയത്തിന്റെ നേര്‍ചിത്രമായിരുന്നു ആശുപത്രി കിടക്കയില്‍ ഡിസംബര്‍ 22ന് അവര്‍ക്ക് കാണാന്‍ സാധിച്ചത്. കാന്‍സര്‍ മൂലം മരണത്തിന് കീഴടങ്ങാനൊരുങ്ങിയ കാമുകിയെ ഡേവിഡ് എന്ന യുവാവ് ജീവിത സഖിയാക്കി. 2015 മേയില്‍ ഡാന്‍സ് ക്ലാസ്സില്‍ വച്ചാണ് ഹീതര്‍ മോഷറെന്ന യുവതിയും ഡേവിഡും പരിചയപ്പെട്ടതും പ്രണയം ആരംഭിച്ചതും. എന്നാല്‍ പ്രണയത്തിന്റെ മധുരദിനങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഹീതറിന് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. 2016 ഡിസംബറിലായിരുന്നു അത്. ഗുരുതരമായ ക്യാന്‍സര്‍, മൂന്നാം ഘട്ടത്തിലേക്കടുത്തിരുന്നു. രോഗത്തെ കുറിച്ച് അറിഞ്ഞ ആ രാത്രി ഡേവിഡ് അവളെ ഉപേക്ഷിക്കുകയല്ല, മറിച്ച് തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണുണ്ടായത്. അര്‍ബുദത്തിനെതിരെ ഒരുമിച്ച് പോരാടാം എന്ന വാക്കും നല്‍കി ചേര്‍ത്തു പിടിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഹീതര്‍ ക്ഷീണിതയായി. അവള്‍ പൂര്‍ണമായും കിടപ്പിലായി. എങ്കിലും ഡേവിഡ് ആശുപത്രി കിടക്കയില്‍ ഹീതറിനെ തനിച്ചു വിടാതെ കൂടെ തന്നെ നിന്നു. 2017 ഡിസംബര്‍ 30ന് അവളെ വിവാഹം കഴിക്കാന്‍ ഡേവിഡ് തീരുമാനിച്ചു. എന്നാല്‍ ഏതു നിമിഷവും മരണം ഹീതറിനെ തേടിയെത്തിയേക്കുമെന്ന ഭയം കടന്നു വന്നതോടെ ഡിസംബര്‍ 22ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഹാല്‍ഫോര്‍ഡ് സെന്റ് ഫ്രാന്‍സിസ് ആശുപത്രി കിടക്കയില്‍ വച്ച് ഡേവിഡ് അവളെ വിവാഹം ചെയ്തു. വിവാഹവസ്ത്രത്തോടൊപ്പം വിഗ്ഗും ആഭരണങ്ങളും ശ്വസിക്കാനുള്ള മാസ്‌കും അണിഞ്ഞാണ് ഹീതര്‍ വിവാഹത്തിനൊരുങ്ങിയത്. എന്നാല്‍ ഒരു ദിവസം പോലും ആ വിവാഹജീവിതത്തിന് ആയുസുണ്ടായിരുന്നില്ല. 18 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണം ഹീതറിനെ തേടിയെത്തി. പുഞ്ചിരിയോടെ അവള്‍ യാത്രയായി.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here