21കാരിയുടെ മൃതദേഹം കായലില്‍

കൊച്ചി: വിവാഹദിവസം രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇരുപത്തിയൊന്നുകാരിയെ പിറ്റേദിവസം രാവിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയയെയാണ് തിങ്കളാഴ്ച വേമ്പനാട്ട് കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുളവുകാട് സഹകരണ റോഡ് കടവിന് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. അന്ന് രാവിലെ 6.45നു വീടിനടുത്തുള്ള ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ ഒരു ബന്ധു കൊണ്ടുചെന്നു വിടുകയായിരുന്നു. ബന്ധു മടങ്ങിയ ശേഷം യുവതിയോട് അല്‍പസമയം കാത്തിരിക്കാന്‍ ബ്യൂട്ടീഷ്യന്‍ പറഞ്ഞു.

തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തില്‍ പോയിവരാം എന്നു പറഞ്ഞു പുറത്തിറങ്ങിയ യുവതി തിരിച്ചെത്തിയില്ല. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്നു ബ്യൂട്ടീഷ്യന്‍ വിവരം യുവതിയുടെ വീട്ടിലറിയിച്ചു. എന്നാല്‍ കൃഷ്ണപ്രിയ വീട്ടില്‍ എത്തിയിട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. വിവാഹദിവസം യുവതിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും പരിഭ്രാന്തരായി.

ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എളങ്കുന്നപ്പുഴയിലും പരിസരപ്രദേശങ്ങളിലും യുവതി പോകാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളിലുമെല്ലാം ബന്ധുക്കള്‍ അന്വേഷണം നടത്തി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ഞാറയ്ക്കല്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസും യുവതിയെ കണ്ടെത്താനായി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

യുവതി ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതു കണ്ടിരുന്നുവെന്നായിരുന്നു ചിലര്‍ പോലീസിന് മൊഴി നല്‍കി. ഇതോടെ യുവതി കായലില്‍ ചാടിയതാകുമെന്ന സംശയവും ബലപ്പെട്ടു. ഇതിനിടെ യുവതിയെ കാണാതായ വിവരമറിഞ്ഞ് പറവൂരിലെ വരന്റെ വീട്ടില്‍ നിന്നുള്ള ബന്ധുക്കള്‍ എളങ്കുന്നപ്പുഴയില്‍ എത്തിയിരുന്നു.
ഇവര്‍ ബഹളം കൂട്ടിയതിനെത്തുടര്‍ന്നു നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കി.

ഇതില്‍ ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. ഇതിനിടെയാണ് മുളവുകാട് സഹകരണ റോഡ് കടവിന് സമീപത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുളവുകാട് നിന്നും കണ്ടെത്തിയ മൃതദേഹം കൃഷ്ണപ്രിയയുടേതാണെന്ന് ബന്ധുക്കള്‍ പിന്നീട് തിരിച്ചറിഞ്ഞു. ഗോശ്രീ പാലത്തിലൂടെ നടന്നുപോയ യുവതി പാലത്തില്‍ നിന്ന് കായലില്‍ വീണതാകുമെന്നാണ് പോലീസിന്റെ നിഗമനം.

കൃഷ്ണപ്രിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച ബന്ധുക്കള്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here