തലേന്ന് വധു ഒളിച്ചോടിയതോടെ സഹോദരിയുമായി വിവാഹമുറപ്പിച്ചു; പിന്നീടായിരുന്നു അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

ബംഗളൂരു : വിവാഹത്തലേന്ന് വധു ഒളിച്ചോടിയതിനെ തുടര്‍ന്ന് സഹോദരിയുമായി കല്യാണം നിശ്ചയിച്ചു. എന്നാല്‍ നേരം പുലരും മുന്‍പ് വരനും ഒളിച്ചോടി. കര്‍ണാടക കോളാര്‍ ജില്ലയിലെ മാലൂരിലാണ് സംഭവം.മാലൂര്‍ സ്വദേശി ഖുറേഷിന്റെയും ചൈത്രയുടെയും വിവാഹം ഇരുവരും കണ്ടിഷ്ടപ്പെട്ട പ്രകാരം ബന്ധുക്കള്‍ നിശ്ചയിച്ചതായിരുന്നു. ജനുവരി 28 ഞായറാഴ്ച രാവിലെ 7.30 ഓടെ മാലൂരിലെ കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്.ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ റിസപ്ഷനും സജ്ജീകരിച്ചിരുന്നു. എന്നാല്‍ റിസപ്ഷനിടെ പെണ്‍കുട്ടി ഒളിച്ചോടി. ഖുറേഷുമായുള്ള വിവാഹത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ യുവതി ഒറ്റയ്ക്ക് ഒളിച്ചോടുകയായിരുന്നു.ഞായറാഴ്ച അതിരാവിലെയാണ് വിവാഹമെന്നതിനാല്‍ ഇരുവീട്ടുകാരും രാത്രി തന്നെ കല്യാണമണ്ഡപത്തിന് സമീപമുള്ള ഹോട്ടലുകളിലെത്തണമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ പെണ്‍വീട്ടുകാര്‍ എത്താത്തിനെ തുടര്‍ന്ന് ഖുറേഷിന്റെ ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നു.അപ്പോഴാണ് യുവതി കടന്നുകളഞ്ഞ കാര്യമറിയുന്നത്. നൂറുകണക്കിനാളുകളെ ക്ഷണിച്ചതിനാലും മറ്റെല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതിനാലും, അതേ മുഹൂര്‍ത്തത്തില്‍ യുവതിയുടെ അനിയത്തിയുമായി വിവാഹം നടത്താമെന്ന് ഇരുകൂട്ടരും കൂടി തീരുമാനമെടുത്തു. ഇതുപ്രകാരം ബന്ധുക്കള്‍ രാത്രി പിരിയുകയും ചെയ്തു. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ വരനെ കാണാനില്ല. പ്രസ്തുത പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് ഖുറേഷിന് താല്‍പ്പര്യമില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ കടന്നുകളഞ്ഞത്. 700 ലേറെ പേര്‍ ഒത്തുകൂടിയ വിവാഹച്ചടങ്ങാണ് മുടങ്ങിയത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here