വ്യവസായി ഭാര്യയേയും മക്കളേയും വെടിവെച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ് :നോട്ട് നിരോധനത്തിന് ശേഷം ബിസിനസ്സ് നഷ്ടത്തിലായ വ്യവസായി ഒടുവില്‍ ഭാര്യയേയും മക്കളേയും വെടിവെച്ച് കൊലപ്പെടുത്തി. ശേഷം ഇയാള്‍ പൊലീസിനെ ഫോണ്‍ വിളിച്ചറിയിച്ചു സ്വയം കീഴടങ്ങി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള ബൊഡക്‌ദേവ് പ്രദേശത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

ചൊവാഴ്ച രാവിലെ 8.30 ഓടെയാണ് പൊലീസിന് ധര്‍മ്മേഷിന്റെ ഫോണ്‍ കോള്‍ വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ധര്‍മ്മേഷിന്റെ ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങളാണ്. ശേഷം ഇയാള്‍ പൊലീസിന് മുന്‍പില്‍ കീഴടങ്ങി.

ഭാര്യ ആമി (48 ) മക്കളായ ഹെലി(24) ദിക്ഷ(17) എന്നീ മൂന്ന് പേരെയാണ് ഇയാള്‍ തോക്കുപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തി വന്നിരുന്ന ആളായിരുന്നു ധര്‍മ്മേഷ്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇദ്ദേഹത്തിന്റെ ബിസിനസ്സ് തകരുകയും 15 കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ ഏറെ മാനസിക വിഷമത്തിലായിരുന്നു. ഇതിനിടയിലാണ് മൂത്ത മകള്‍ക്ക് വിദേശത്ത് പഠിക്കണമെന്ന് വീട്ടില്‍ നിന്നും ആവശ്യമുയര്‍ന്നത്.

എന്നാല്‍ ഇതിനുള്ള പണം എവിടെ നിന്നും കണ്ടെത്തുമെന്ന ആശങ്കയിലായിരുന്നു ധര്‍മ്മേഷ്. ഈ പ്രശ്‌നത്തെ ചൊല്ലി വീട്ടില്‍ വഴക്കുകളും സ്ഥിരമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഇയാള്‍ തോക്കെടുത്ത് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനം പൊലീസില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here