സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ ഗര്‍ഭിണി മരിച്ചു; ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

ഈരാറ്റുപേട്ട: സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ഉദരത്തില്‍ നിന്ന് ആണ്‍ കുഞ്ഞിനെ സുരക്ഷിതമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വട്ടക്കയത്ത് താഹയുടെ ഭാര്യ നാഷിദ (34) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അക്ഷയകേന്ദ്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഷിദ സീറ്റു ലഭിക്കാത്തതിനാല്‍ വാതിലിനു സമീപത്താണ് നിന്നിരുന്നത്. ഒരു കൈയില്‍ മകളെയും മറ്റെ കൈകൊണ്ട് ബസ്സിലെ കമ്പിയിലും പിടിച്ചു നില്‍ക്കുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ തുറന്നുകിടന്ന വാതിലിലൂടെ നാഷിദ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാഷിദയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിലവഷളായതോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പത്തും അഞ്ചും വയസുള്ള പെണ്‍മക്കള്‍ക്കുശേഷം പിറന്ന ആണ്‍ കുഞ്ഞിനെ ഒരുനോക്കു കാണാതെ ഇന്നലെയാണ് നാഷിദ യാത്രയായത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബസുകളുടെ മത്സരയോട്ടമായിരുന്നു അപകട കാരണമായത്. വാതില്‍ തുറന്നിട്ട് മറ്റൊരു ബസുമായി മത്സരിച്ച് ഓടുകയായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. ഗര്‍ഭിണി നില്‍ക്കുന്നത് കണ്ടിട്ടും ആരും എഴുന്നേറ്റ് കൊടുത്തില്ലെന്നു മാത്രമല്ല കണ്ടക്ടര്‍ ഇതൊന്നും വകവച്ചില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here