മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി

തലശ്ശേരി :മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ യുവതി കുടുക്കി. കണ്ണൂരിലെ ചിറക്കുനി-പെരളശ്ശേരി റൂട്ടില്‍ ഓടുന്ന ശ്രീഹരി ബസ്സിന്റെ ഡ്രൈവറാണ് മൊബൈലില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കടുത്ത ശിക്ഷാ നടപടിക്ക് വിധേയമായത്. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറായ നിഖിലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

യുവാവ് ഇത്തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മുന്‍ സീറ്റിലിരുന്ന ഒരു യുവതി രഹസ്യമായി തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഒരു കൈ കൊണ്ട് മാത്രം വളയം പിടിച്ച് അമിത വേഗതയിലാണ് യുവാവ് ബസ് ഓടിച്ചത് .ഒരു പാട് തവണ മറ്റു യാത്രക്കാര്‍ ഡ്രൈവറോട് ഇത്തരത്തില്‍ ബസ് ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇതൊന്നും ചെവി കൊണ്ടില്ലെന്ന് യാത്രക്കാരി പറയുന്നു. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോഴും വിഷയത്തെ ചിരിച്ച് തള്ളുകയാണുണ്ടായത്.

ഇതിനെ തുടര്‍ന്നാണ് യുവതി രഹസ്യമായി ഈ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. യുവതിയുടെ ഭര്‍ത്താവാണ് ഈ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്കും ഈ ദൃശ്യങ്ങള്‍ എത്തിച്ചേര്‍ന്നതോടെയാണ് തലശ്ശേരി മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് ഡ്രൈവര്‍ക്കെതിരെ നോട്ടീസ് നല്‍കി ആര്‍ടിഒ വിന് പരാതി നല്‍കിയത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here