ഉപതിരഞ്ഞെടുപ്പുകളില്‍ കിതച്ച് ബിജെപി

ഡല്‍ഹി :രാജ്യത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗം സീറ്റുകളിലും ബിജെപിക്ക് തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി പിന്നിലാണ്. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്‌സഭാ മണ്ഡലം, ഉത്തരാഖണ്ഡിലെ തരാളി നിയമസഭാ മണ്ഡലം, ജാര്‍ഖണ്ഡിലെ ഗോമിയ നിയമസഭാ മണ്ഡലം എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.

നാഗാലന്റിലെ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ എന്‍ഡിപിപി ആദ്യം മുന്നിട്ട് നിന്നിരുന്നെങ്കിലും 11,000 വോട്ടുകള്‍ക്ക് പിന്നിലാണെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തു വരുന്നത്. നാഗാ പീപ്പിള്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പാണ് ഇക്കൂട്ടത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും ക്ഷീണം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലേറിയ ഇവിടെ ഇത്തവണ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16,000 വോട്ടുകള്‍ക്ക് പിന്നിലാണ്. ആര്‍എല്‍ഡിയിലെ തബസും ഹസ്സനാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വിഭിന്നമായി പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്താന്‍ ഇറങ്ങിയതാണ് ഇവിടെ നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം.

വരാന്‍ പോകുന്ന 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം ഒരുമിച്ച് മുന്നേറിയാല്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഏതു വിധേനയും വിജയം കൈവരിക്കണമെന്ന അഭിമാന പോരാട്ടത്തിലായിരുന്നു കൈരാനയില്‍ ബിജെപി.

മറ്റു മണ്ഡലങ്ങളിലെ വോട്ടു നില
പഞ്ചാബിലെ ഷാഹ്‌കോട്ടില്‍ 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 31,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ഡിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സ്ഥാനാര്‍ത്തി മധുകര്‍ 8000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.


കര്‍ണ്ണാടകയിലെ ആര്‍ അര്‍ നഗറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 40,000 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു
ബിഹാറിലെ ജോക്ക്ഹട്ടില്‍ ആര്‍ജെഡി 32,563 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
മേഘാലയയിലെ അമ്പടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു
പശ്ചിമ ബംഗാളിലെ ഒരു സീറ്റിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേതാവ് ദുലാല്‍ ചന്ദ്ര ദാസ് വിജയം ഉറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here